പാക് ബാറ്റ്സ്മാന്മാര് യഥേഷ്ടം ശതകങ്ങളും അര്‍ദ്ധ ശതകങ്ങളും നേടിയ മത്സരത്തില്‍ ഒരു തവണ കൂടി 300 കടന്ന് പാക്കിസ്ഥാന്. സിംബാബ്വേയ്ക്കെതിരെ പരമ്പരയിലെ അവസാന മത്സരത്തില്‍ 364 റണ്‍സാണ് പാക്കിസ്ഥാന് 4 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറുകളില്‍ നിന്ന് നേടിയത്. ഇമാം-ഉള്-ഹക്ക്, ബാബര്‍ അസം എന്നിവര്‍ ശതകം നേടിയപ്പോള്‍ ഫകര്‍ സമന് അര്‍ദ്ധ ശതകം നേടി.
പതിവു പോലെ പാക് ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ കണ്ടത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 25 ഓവറില്‍ നിന്ന് 168 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തത് ലിയാം റോച്ചേ ആയിരുന്നു. 85 റണ്‍സ് നേടിയ ഫകര്‍ സമനെ പുറത്താക്കിയാണ് റോച്ചേ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയത്. തുടര്‍ന്ന് ഇമാം ഉള് ഹക്ക്-ബാബര്‍ അസം കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 77 റണ്‍സാണ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയത്.
110 റണ്‍സ് നേടിയ ഹക്കിനെ ഹാമിള്ട്ടണ് മസകഡ്സ പുറത്താക്കി. 18 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കിനെ ടെണ്ടായി ചതാര പുറത്താക്കിയെങ്കിലും പാക്കിസ്ഥാന് സ്കോര്‍ 300 കടക്കുന്നത് തടയാന്‍ സിംബാബ്വേയ്ക്കായില്ല. ബാബര്‍ അസം, ആസിഫ് അലി എന്നിവരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന് 364 റണ്‍സിലേക്ക് എത്തുകയായിരുന്നു.
ബാബര്‍ അസം 106 റണ്‍സുമായി പുറത്താകാതെ നിന്നു. 76 പന്തില്‍ നിന്നാണ് അസമിന്റെ 106 റണ്‍സ്. 9 ബൗണ്ടറിയും 2 സിക്സും അടങ്ങിയതായിരുന്നു അസമിന്റെ ഇന്നിംഗ്സ്. 18 റണ്‍സ് നേടിയ ആസിഫ് അലിയെ ക്രിസ് പോഫു പുറത്താക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial