ബംഗ്ലാദേശിന്റെ ലക്ഷ്യം 6-7 ഫാസ്റ്റ് ബൗളര്‍മാരടങ്ങിയ സംഘമാണെന്നും എല്ലാ ഫോര്‍മാറ്റിലേക്കും ഇവരെ ഉപയോഗിക്കേണ്ടി വരുമ്പോള്‍ റൊട്ടേഷന്‍ പോളിസി ഗുണം ചെയ്യുമെന്നും പറഞ്ഞ് ബംഗ്ലാദേശ് ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍. താരങ്ങളുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായും ഈ രീതി ഗുണം ചെയ്യുമെന്ന് ഗിബ്സണ്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരു ബൗളര്‍മാരുടെ സംഘമുണ്ടായാല്‍ അത് ക്യാപ്റ്റനും കോച്ചുമാര്‍ക്കും സെലക്ടര്‍മാര്‍ക്കുമെല്ലാം കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും ആരെ ഏത് ഫോര്‍മാറ്റില്‍ കളിപ്പിക്കണമെന്ന ശരിയായ തീരുമാനം എടുക്കുവാന്‍ ഇത് ഗുണം ചെയ്യുമെന്നും ഓട്ടിസ് വ്യക്തമാക്കി. ഇപ്പോള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ അളവ് പരിഗണിക്കുമ്പോള്‍ ഒന്നോ രണ്ടോ ബൗളര്‍മാരെ എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കുക അപ്രായോഗികമാണെന്നും ഗിബ്സണ്‍ അഭിപ്രായപ്പെട്ടു.
ഓരോ ഫോര്‍മാറ്റിനും ഉള്ള മികച്ച ബൗളര്‍ ഏതെന്ന കണ്ടെത്തുകയും അവരെ ആ മത്സരത്തില്‍ കളിപ്പിക്കുക എന്നതായിരിക്കണം കോച്ചുമാരുടെ ലക്ഷ്യമെന്നും ഗിബ്സണ്‍ വ്യക്തമാക്കി.