ശതകം നഷ്ടമായതില്‍ സങ്കടമില്ല, ടീമിന്റെ വിജയം പ്രധാനം

Sports Correspondent

പാക്കിസ്ഥാനെതിരെ ശതകം രണ്ട് റണ്‍സ് അകലെ വെച്ച് കൈവിട്ടുവെങ്കിലും താന്‍ അതില്‍ തെല്ലും സങ്കടപ്പെടുന്നില്ലെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെല്‍. തനിക്ക് ശതകത്തെക്കുറിച്ചല്ല ടീമിന്റെ വിജയത്തെക്കുറിച്ചാണ് ചിന്തയെന്ന് മാക്സ്വെല്‍ പറഞ്ഞു. 82 പന്തില്‍ നിന്ന് 98 റണ്‍സാണ് മാക്സ്വെല്‍ ഇന്നലെ പാക്കിസ്ഥാനെതിരെ നേടിയത്. മാക്സ്വെല്ലിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയ 277 റണ്‍സിലേക്ക് നീങ്ങുകയും മത്സരത്തില്‍ 6 റണ്‍സ് ജയവും സ്വന്തമാക്കുകയായിരുന്നു.

മൈല്‍സ്റ്റോണുകളെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ മാക്സ്വെല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞു. തന്റെ കരിയര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ നഷ്ടമായ ശതകങ്ങളെക്കുറിച്ചോര്‍ത്ത് താന്‍ വിഷമിക്കുകയില്ലെന്നും മാക്സ്വെല്‍ പറഞ്ഞു. താന്‍ ചിന്തിക്കുക ടീമിനൊപ്പം നേടിയ വിജയങ്ങളെക്കുറിച്ചാവുമെന്നും മാക്സ്വെല്‍ കൂട്ടിചേര്‍ത്തു.

ശതകം നേടിയിരുന്നുവെങ്കിലും സന്തോഷമായേനെ എന്നാല്‍ താന്‍ കളിച്ച രീതിയില്‍ താന്‍ സംതൃപ്തനാണ്. ഇന്നലത്തെ ഇന്നിംഗ്സ് അത് തനിക്ക് സംതൃപ്തി നല്‍കുന്നു അതാണ് പ്രധാനമെന്നും മാക്സ്വെല്‍ വ്യക്തമാക്കി.