ധോണിയെ അസഭ്യം പറഞ്ഞത് നല്ല പെരുമാറ്റമാണെന്ന് താന്‍ കരുതുന്നില്ല

Sports Correspondent

2005ല്‍ പാക്കിസ്ഥാനെതിരെ തന്റെ ബൗളിംഗില്‍ എംസ് ധോണി ക്യാച്ച് കൈവിട്ടതിന് ധോണിയെ അസഭ്യം പറഞ്ഞ തന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് പറഞ്ഞ് ആശിഷ് നെഹ്റ. തന്റെ കരിയറില്‍ തനിക്ക് ഒട്ടും അഭിമാനമില്ലാത്ത ഒരു നിമിഷമായാണ് താന്‍ അതിനെ കാണുന്നതെന്ന് നെഹ്റ പറഞ്ഞു.

ധോണി ആ വീഡിയോയിലുള്ളതിനാലാണ് ആ വീഡിയോ വൈറല്‍ ആയതെന്നും നെഹ്റ പറഞ്ഞു. എന്നാല്‍ വീഡിയോയില്‍ പറയുന്നത് പോലെ അത് വൈസാഗ് ഏകദിനം അല്ല പകരം അഹമ്മദാബാദിലെ നാലാം മത്സരത്തിലായിരുന്നുവെന്നും നെഹ്റ കൂട്ടിചേര്‍ത്തു.
അന്ന് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഷഹീദ് അഫ്രീദിയുടെ എഡ്ജ് വിക്കറ്റ് കീപ്പര്‍ ധോണിയുടെയും ഒന്നാം സ്ലിപ്പിലുള്ള രാഹുല്‍ ദ്രാവിഡിന്റെയും ഇടയിലൂടെയാണ് പോയത്. ആ വീഡിയോ ഇപ്പോള്‍ വൈറലായി വന്നപ്പോളാണ് തന്റെ പെരുമാറ്റത്തില്‍ ഒരു അഭിമാനവും തനിക്കില്ലെന്ന് നെഹ്റ പറഞ്ഞത്.

തൊട്ട് മുമ്പത്തെ പന്തില്‍ തന്നെ അഫ്രീദി സിക്സ് അടിച്ചു. അടുത്ത പന്തില്‍ താന്‍ അവസരം സൃഷ്ടിച്ചുവെങ്കിലും അത് നഷ്ടപ്പെട്ടപ്പോള്‍ സ്വാഭാവികമായി തന്റെ നിയന്ത്രണം വിട്ടുവെന്ന് നെഹ്റ പറഞ്ഞു.