ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുപ്രസിദ്ധി നേടിയതാണ്. സാധാരണ ജനങ്ങള്‍ക്ക് അത് ചിരപരിചിതമായ സാഹചര്യമായി മാറിക്കഴിഞ്ഞുവെങ്കിലും ക്രിക്കറ്റ് പോലെ അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ എത്തുമ്പോളാണ് ഇത് കൂടുതല്‍ ചര്‍ച്ചയാകുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടി20 മത്സരം സമാനമായ സാഹചര്യം മൂലം വേറെ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും അതുണ്ടാകില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.
ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് കൂടുതല്‍ മോശമായതോട് കൂടി പല പ്രകൃതിസ്നേഹികളും പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് വേദി മാറ്റത്തിന് തയ്യാറാവണമെന്ന് കത്തെഴുതുകയുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഡിഡിസിഎ അധികാരികള്‍ തന്നെ വേദി മാറ്റമുണ്ടാകില്ലെന്നും ബ്രോഡ്കാസ്റ്റര്‍മാരെല്ലാം ഉടന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. തങ്ങള്‍ക്ക് മത്സരത്തിന്റെ നടത്തിപ്പുമായി മുന്നോട്ട് പോകുവാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
മുമ്പ് ഇവിടെ നടന്ന ടെസ്റ്റ് മത്സരത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ ശ്വാസ തടസ്സം നേരിട്ടത്തിനാല്‍ കളിക്കാനാകാതെ പിന്മാറിയിരുന്നു. പല താരങ്ങളും അന്ന് അസ്വാസ്ഥ്യം നേരിടുന്ന സാഹചര്യവും ഉണ്ടായി. പിന്നീട് പലരും മാസ്ക് ധരിച്ചാണ് ഫീല്‍ഡില്‍ ഇറങ്ങിയത്.