പരിചയസമ്പത്ത് ഏറെ പ്രാധാന്യമുള്ളത്, എന്നാല്‍ ഏറ്റവും പ്രധാനം അതാത് ദിവസത്തെ പ്രകടനം – തമീം ഇക്ബാല്‍

Sports Correspondent

ക്രിക്കറ്റില്‍ പരിചയസമ്പത്ത് വലിയ ഘടകമാണെങ്കിലും ടീമിന്റെ വിജയത്തെ സ്വാധീനിക്കുക അതാത് ദിവസത്തെ പ്രകടനമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ തമീം ഇക്ബാല്‍. ശ്രീലങ്കയ്ക്കെതിരെയുള്ള ബംഗ്ലാദേശ് ടീമിന്റെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു തമീം ഇക്ബാല്‍.

പരിചയസമ്പത്ത് കുറഞ്ഞ ശ്രീലങ്കന്‍ ടീമിനെ വില കുറച്ച് കാണരുതെന്നും മുമ്പ് പലതവണ ശ്രീലങ്കയോട് ഏറ്റുമുട്ടിയപ്പോളെല്ലാം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്നത് തന്റെ ടീമിംഗങ്ങള്‍ ഓര്‍ക്കണമെന്നും തമീം സൂചിപ്പിച്ചു. ശ്രീലങ്കയെ തോല്പിക്കുവാന്‍ നൂറ് ശതമാനം പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ബംഗ്ലാദേശിന് സാധിക്കുകയുള്ളുവെന്ന് തമീം പറഞ്ഞു.

ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് തങ്ങളുടെ ടീം പ്രഖ്യാപിച്ചതെങ്കിലും ശ്രീലങ്കയാകട്ടെ യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുകയും സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യസ്, ലഹിരു തിരിമന്നേ, ദിമുത് കരുണാരത്നേ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.