ഇന്ത്യൻ ടീമിൽ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനാവാൻ ആർക്കും കഴിയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ കെ.എൽ രാഹുൽ. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതന്നത് മഹേന്ദ്ര സിംഗ് ധോണിയാണെന്നും ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കെ.എൽ രാഹുൽ പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്ന് ടീമുകളിലും കെ.എൽ രാഹുൽ ഇടം നേടിയിരുന്നു.
ഇന്ത്യൻ ടീമിലെ സ്പിന്നർമാരായ ചഹാൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ പന്തെറിയുമ്പോൾ എങ്ങനെ ബൗൾ ചെയ്യണമെന്നും എങ്ങനെ ഫീൽഡിങ് ഒരുക്കണമെന്നും അവരോട് പറയാറുണ്ടെന്നും കെ.എൽ രാഹുൽ പറഞ്ഞു. വിക്കറ്റ് കീപ്പിങ് ചെയ്യുന്ന ഒരാളുടെ ഉത്തരവാദിത്തം ആണ് ഇതെന്നും കെ.എൽ രാഹുൽ കൂട്ടിച്ചേർത്തു. ന്യൂസിലാൻഡ് പരമ്പരയിൽ താൻ ഇത് ചെയ്തിരുന്നെന്നും മത്സരം മികച്ച രീതിയിൽ മനസിലാക്കി ബൗളർമാർക്ക് മികച്ച നിർദേശങ്ങൾ നൽകാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെ.എൽ രാഹുൽ പറഞ്ഞു.