ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ അടുത്ത മാസം തുടങ്ങാൻ ഇരിക്കുന്ന ടി20 പരമ്പരയിൽ നോ ബോൾ വിളിക്കുക തേർഡ് അമ്പയർ. ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിൽ ഇതിന്റെ പരീക്ഷണം നടത്താൻ ഐ.സി.സി തീരുമാനിച്ചു. ഗ്രൗണ്ടിലെ അമ്പയമാർമാർക്ക് നോ ബോൾ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ ഐ.സി.സി. തീരുമാനിച്ചത്.
നേരത്തെ അടുത്ത വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നോ ബോൾ കണ്ടെത്താൻ വേണ്ടി മാത്രം ഒരു അമ്പയർ ഉണ്ടാവുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരം മലിംഗയുടെ നോ ബോൾ അമ്പയർ വിളിക്കാതെ പോയത് വിവാദമായിരുന്നു. തുടർന്നാണ് അടുത്ത സീസൺ മുതൽ നോ ബോൾ നോക്കാൻ വേണ്ടി മാത്രം വേറെ ഒരു അമ്പയറെ നിയമിക്കാൻ ഐ.പി.എൽ ഗവേർണിംഗ് ബോഡി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച ഓസ്ട്രേലിയ – പാകിസ്ഥാൻ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 21 നോ ബോളുകൾ അമ്പയർമാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇതെല്ലാമാണ് തേർഡ് അമ്പയർ നോ ബോൾ നോക്കുന്ന രീതി കൊണ്ടുവരാൻ ഐ.സി.സി നിർബന്ധിതരായത്.