8ാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ ചെറുത്തിനില്പിന്റെ ബലത്തിൽ മെൽബേണിൽ ഇന്ത്യയ്ക്ക് ആശ്വാസം. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനത്തോടെ മോശം വെളിച്ചം മൂലം കളി നേരത്തെ നിര്‍ത്തിയപ്പോള്‍ ഇന്ത്യ 358/9 എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ 221/7 എന്ന നിലയിലായിരുന്ന ടീം ഫോളോ ഓൺ ഒഴിവാക്കിയത് തന്നെ പ്രശംസനീയമായ കാര്യമാണ്.
127 റൺസാണ് നിതീഷ് റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും ചേര്‍ന്ന് നേടിയത്. 50 റൺസ് നേടിയ സുന്ദറിനെ നഥാന്‍ ലയൺ ആണ് പുറത്താക്കിയത്. ഇന്ത്യന്‍ ഇന്നിംഗ്സിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ കൂട്ടുകെട്ടായിരുന്നു ഇത്.
സുന്ദര്‍ പുറത്തായി അധികം വൈകാതെ ബുംറയും മടങ്ങിയപ്പോള്‍ 99 ൽ നിൽക്കുന്ന നിതീഷ് ശതകം കാണാതെ മടങ്ങേണ്ടിവരുമെന്നായിരുന്നു ഇന്ത്യന്‍ ആരാധകര്‍ കരുതിയത്. ഓവറിലെ ആ മൂന്ന് പന്തുകള്‍ സിറാജ് അതിജീവിച്ചപ്പോള്‍ അടുത്ത ഓവറിൽ ബൗണ്ടറി നേടി തന്റെ ടെസ്റ്റ് ശതകം നിതീഷ് റെഡ്ഡി പൂര്‍ത്തിയാക്കി.
105 റൺസുമായി നിൽക്കുന്ന നിതീഷ് കുമാര്‍ റെഡ്ഡിയും 2 റൺസ് നേടിയ മൊഹമ്മദ് സിറാജും ഇന്ത്യയ്ക്കായി ക്രീസിലുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ കൈവശം 116 റൺസിന്റെ ലീഡാണ് ഇപ്പോളുമുള്ളത്.