വെല്ലിംഗ്ടണ്‍ ടെസ്റ്റിലും ഇന്നിംഗ്സ് വിജയം നേടി ന്യൂസിലാണ്ട്

Sports Correspondent

ന്യൂസിലാണ്ടിന് വെല്ലിംഗ്ടണ്‍ ടെസ്റ്റിലും ഇന്നിംഗ്സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 317 റണ്‍സിന് ഓള്‍ഔട്ട് ആയതോടെയാണ് ഒരിന്നിംഗ്സിനും 12 റണ്‍സിനും വിജയം ന്യൂസിലാണ്ട് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് 460 റണ്‍സ് നേടി പുറത്തായപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 131 റണ്‍സിനും 317 റണ്‍സിനും യഥാക്രമം ഇരു ഇന്നിംഗ്സുകളിലും പുറത്താകുകയായിരുന്നു.

ജേസണ്‍ ഹോള്‍ഡര്‍, ജോഷ്വ ഡാ സില്‍വ എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി ഏഴാം വിക്കറ്റില്‍ 82 റണ്‍സുമായി തോല്‍വി വൈകിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്ിലും സൗത്തി 61 റണ്‍സ് നേടിയ ഹോള്‍ഡറെ പുറത്താക്കി വിന്‍ഡീസ് ചെറുത്ത് നില്പിന് അവസാനം കുറിച്ചു.

ജോഷ്വ 57 റണ്‍സും അല്‍സാരി ജോസഫ് 24 റണ്‍സും നേടിയെങ്കിലും 79.1 ഓവറില്‍ വിന്‍ഡീസ് 317 റണ്‍സിന് പുറത്താകുകയായിരുന്നു. നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ടിം സൗത്തി കൈല്‍ ജാമിസണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ആതിഥേയര്‍ക്കായി നേടി.