ഡുനെഡിനിൽ നടന്ന രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ ജയത്തോടെ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 2-0ന് മുന്നിലെത്തി.

മഴയെ തുടർന്ന് 15 ഓവർ ആക്കി കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 135/9 എന്ന സ്കോറാണ് നേടിയത്. ക്യാപ്റ്റൻ സൽമാൻ ആഘ 28 പന്തിൽ 46 റൺസ് നേടി മികച്ച പ്രകടനം നടത്തി. ഷദാബ് ഖാൻ (26), ഷഹീൻ ഷാ അഫ്രീദി (22*) എന്നിവർ വൈകി നൽകിയ സംഭാവന സന്ദർശകർക്ക് പൊരുതാവുന്ന സ്കോദ് നൽകി. ജേക്കബ് ഡഫി, ബെൻ സിയേഴ്സ്, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവർ ന്യൂസിലൻഡിനായി രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 13.1 ഓവറിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ ടിം സീഫെർട്ടും (22 പന്തിൽ 45) ഫിൻ അലനും (16 പന്തിൽ 38) തകർപ്പൻ തുടക്കമാണ് നൽകിയത്. മധ്യനിരയിൽ ചില തടസ്സങ്ങൾ നേരിട്ടെങ്കിലും 11 പന്തുകൾ ബാക്കിനിൽക്കെ മിച്ചൽ ഹേയും (21) ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെല്ലും (5) ചേർന്ന് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 2-0ന്റെ ലീഡ് നേടി.