ഇന്ത്യയിൽ നടക്കാൻ പോകുന്ന ക്രിക്കറ്റ് ലോകകപ്പ് 2023ന് നെതർലന്റ്സ് യോഗ്യത നേടി. ഇന്ന് നടന്ന നിർണായക ക്വാളിഫയർ മത്സരത്തിൽ സ്കോട്ലൻഡിനെ തോൽപ്പിച്ച് കൊണ്ടാണ് നെതർലൻട്സ് യോഗ്യത നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത സ്കോട്ട്‌ലൻഡ് 50 ഓവറിൽ 277-9 എന്ന സ്കോർ ഉയർത്തി.സ്കോട്ലൻഡിനായി ബ്രാൻഡൻ മക്മുല്ലൻ സെഞ്ച്വറി നേടി. 106 റൺസ് എടുത്ത മക്മുല്ലനും 64 റൺസ് എടുത്ത ക്യാപ്റ്റൻ ബരിംഗടണും ആണ് അവർക്ക് നല്ല ടോട്ടൽ നൽകിയത്.
നെതർലണ്ട്സിനായി ബസ് ദെ ലേദെ 5 വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ നെതർലന്റ്സിന് 44 ഓവറിലേക്ക് കളി വിജയിച്ചാലെ യോഗ്യത ഉറപ്പിക്കാൻ ആകുമായിരുന്നുള്ളൂ. അവർ അതുകൊണ്ട് തന്നെ ആക്രമിച്ചു കളിക്കുകയും 42.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലേക്ക് എത്തുകയും ചെയ്തു.
ബൗളു കൊണ്ട് തിളങ്ങിയ ബസ് ദെ ലേദെ തന്നെയാണ് ബാറ്റു കൊണ്ടും നെതർലാന്റ്സിനായി തിളങ്ങിയത്. 92 പന്തിൽ നിന്ന് 123 റൺസ് അദ്ദേഹം അടിച്ചു. 5 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഈ വിജയത്തോടെ സ്കോട്ലൻഡിനെയും സിംബാബ്‌വെയെ മറികടന്ന് അവർ സൂപ്പർ സിക്സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2011ന് ശേഷം ആദ്യമായാണ് നെതർലന്റ്സ് ലോകകപ്പ് യോഗ്യത നേടുന്നത്.