നെതര്‍ലാണ്ട്സിന്റെ അവിശ്വസനീയ ബാറ്റിംഗ്, സൂപ്പർ ഓവറിൽ സൂപ്പർ വിജയം

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെ സൂപ്പര്‍ ഓവറിൽ വിജയം നേടി നെതര്‍ലാണ്ട്സ്. ഇരു ടീമുകളും 374 റൺസ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയപ്പോള്‍ സൂപ്പര്‍ ഓവറിൽ 30 റൺസാണ് നെതര്‍ലാണ്ട്സ് നേടിയത്. വെസ്റ്റിന്‍ഡീസ് 8 റൺസ് നേടുന്നതിനിടെ ഇരു വിക്കറ്റുകളും നഷ്ടമായി തോൽവിയിലേക്ക് വീണു.

375 റൺസെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സിന് വിജയത്തിന് പടിവാതിൽക്കലെത്തിയെങ്കിലും അവസാന പന്തിൽ ജയിക്കുവാന്‍ ഒരു റൺസ് വേണ്ടപ്പോള്‍ ലോഗന്‍ വാന്‍ ബീക്കിന്റെ വിക്കറ്റ് നഷ്ടമായത് ടീമിന് അര്‍ഹമായ വിജയം കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 9 വിക്കറ്റ് നഷ്ടത്തിൽ നെതര്‍ലാണ്ട്സ് 374 റൺസിലൊതുങ്ങിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയി.

സൂപ്പര്‍ ഓവറിൽ ലോഗര്‍ വാന്‍ ബീക്ക് ജേസൺ ഹോള്‍ഡറെ അടിച്ച് പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 30 റൺസാണ് പിറന്നത്. 3 സിക്സും മൂന്ന് ഫോറും നേടിയതോടെ വെസ്റ്റിന്‍ഡീസിന്റെ വിജയ ലക്ഷ്യം 31 റൺസായി മാറി. സൂപ്പര്‍ ഓവറിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് 5 പന്തിൽ 9 റൺസിൽ അവസാനിച്ചു.

നേരത്തെ നെതര്‍ലാണ്ട്സിനായി 76 പന്തിൽ 111 റൺസ് നേടിയ തേജ നിദാമാനുരൂവും സ്കോട്ട് എഡ്വേര്‍ഡ്സ്(67), ലോഗന്‍ വാന്‍ ബീക്ക്(14 പന്തിൽ 28), ആര്യന്‍ ദത്ത്(9 പന്തിൽ 16) എന്നിവര്‍ക്കൊപ്പം വിക്രംജീത്ത് സിംഗ്(37), മാക്സ് ഒദൗദ്(36), ബാസ് ഡി ലീഡ്(33) എന്നിവരുടെ പ്രകടനവും സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ ടീമിനെ സഹായിച്ചു.

വെസ്റ്റിന്‍ഡീസിനായി റോസ്ടൺ ചേസ് 3 വിക്കറ്റും അൽസാരി ജോസഫ്, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.