ഒമാനെതിരെ 74 റൺസ് വിജയം നേടി നെതര്‍ലാണ്ട്സ്

Sports Correspondent

ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്സ് മത്സരത്തിൽ ഒമാനെതിരെ നെതര്‍ലാണ്ട്സിന് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 48 ഓവറിൽ 362/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് 44 ഓവറിൽ ഒമാന് 321 റൺസ് വിജയ ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു. എന്നാൽ ടീമിന് 6 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് മാത്രമേ നേടാനായുള്ളു. 74 റൺസിന്റെ വിജയം ആണ് നെതര്‍ലാണ്ട്സ് നേടിയത്.

വിക്രംജിത്ത് സിംഗ് നേടിയ 110 റൺസും വെസ്ലി ബറേസി നേടിയ 97 റൺസും ആണ് നെതര്‍ലാണ്ട്സിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. മാക്സ് ഒദൗദ്(35), ബാസ് ഡി ലീഡ്(39), സാഖിബ് സുൽഫിക്കര്‍(33) എന്നിവരും ബാറ്റിംഗിൽ മികവ് പുലര്‍ത്തിയാണ് നെതര്‍ലാണ്ട്സിനെ 362 റൺസിലേക്ക് നയിച്ചത്. ഒമാന് വേണ്ടി ബിലാൽ ഖാന്‍ മൂന്നും മൊഹമ്മദ് നദീം 2 വിക്കറ്റും നേടി.

അയാന്‍ ഖാന്‍ 105 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ സ്കോര്‍ പിറക്കാതിരുന്നത് ഒമാന് തിരിച്ചടിയായി. 46 റൺസ് നേടിയ ഷൊയ്ബ് ഖാന്‍ ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. നെതര്‍ലാണ്ട്സിനായി ആര്യന്‍ ദത്ത് 2 വിക്കറ്റ് നേടി.