പന്തിൽ ഉമിനീർ ഇടുന്നത് ഒരു ശീലമാണെന്നും കോവിഡ്-19 കഴിഞ്ഞതിന് ശേഷം മത്സരം പുനരാരംഭിക്കുമ്പോൾ പന്തിൽ ഉമിനീർ ഇടാതിരിക്കാൻ പരിശീലനം വേണ്ടിവരുമെന്നും ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. കഴിഞ്ഞ ദിവസം അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ.സി.സി കമ്മിറ്റി കൊറോണ വൈറസ് ബാധ തടയാൻ പന്തിന്റെ തിളക്കം കൂട്ടാൻ ഉമിനീർ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇതിനെതിരെ പ്രതികരണവുമായി അശ്വിൻ രംഗത്തെത്തിയത്.
പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണെന്നും അത് ഉപയോഗിക്കാതിരിക്കാൻ കുറച്ച് പരിശീലനം വേണ്ടി വരുമെന്നും അശ്വിൻ പറഞ്ഞു. പക്ഷെ മനുഷ്യരാശിയുടെ നിലനിൽപ്പിന് വേണ്ടി ഇതിനോട് പൊരുത്തപെടേണ്ടി വരുമെന്നും അശ്വിൻ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ ഡൽഹി ക്യാപിറ്റൽസിന്റെ അക്കൗണ്ടിൽ സംസാരിക്കുകയായിരുന്നു അശ്വിൻ.