ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണ്ണമെന്റിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് വിജയം. അഞ്ച് റൺസിനാണ് കേരളം ത്രിപുരയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എടുത്തു. ക്യാപ്റ്റൻ ഷാനിയും ദൃശ്യയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് കേരളത്തിന് മുതൽക്കൂട്ടായത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. ഷാനി 30 ഉം ദൃശ്യ 31 ഉം റൺസ് എടുത്തു. അനന്യയും നജിലയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും കേരള ഇന്നിങ്സിൽ നിർണായകമായി. അനന്യ 23 റൺസും നജില 25 റൺസും നേടി. മൂന്നു വിക്കറ്റ് വീഴ്ത്തിയ അംബേഷ ദാസ് ആണ് ത്രിപുര ബൗളിംഗ് നിരയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ത്രിപുര മികച്ച പോരാട്ടത്തിനൊടുവിൽ ആണ് കീഴടങ്ങിയത്. ഇഞ്ചോടിഞ്ച് പൊരുതിയ ത്രിപുരയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമാണ് എടുക്കാൻ ആയത്. 25 റൺസെടുത്ത ആർ ആർ സാഹയാണ് ത്രിപുരയുടെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി നജില മൂന്ന് വിക്കറ്റും ദർശന മോഹനനും വിനയയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.