ലയണിന്റെ എട്ട് വിക്കറ്റുകള്‍ക്ക് ശേഷം മികച്ച തുടക്കവുമായി ഓസ്ട്രേലിയ

പാക്കിസ്ഥാന്‍ എ ടീമിനെതിരെ മികച്ച നിലയില്‍ ഓസ്ട്രേലിയ. പാക്കിസ്ഥാന്‍ സീനിയര്‍ ടീമിനു തലവേദനയാകുന്ന വാര്‍ത്തയാണ് ലയണിന്റെ ഈ ബൗളിംഗ് പ്രകടനം. 39.1 ഓവര്‍ പന്തെറിഞ്ഞ നഥാന്‍ ലയണ്‍ ആണ് പാക്കിസ്ഥാന്‍ എ ടീമിന്റെ നടുവൊടിച്ചത്. ആബിദ് അലിയാണ് 85 റണ്‍സുമായി പാക്കിസ്ഥാന്‍ എ ടീമിന്റെ ടോപ് സ്കോറര്‍ ആയത്. സാദ് അലി(36), മുഹമ്മദ് റിസ്വാന്‍(26) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 99.1 ഓവറില്‍ ഓള്‍ഔട്ട് ആയ പാക്കിസ്ഥാന്‍ എ ടീം 278 റണ്‍സാണ് നേടിയത്. ലയണ്‍ എട്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോണ്‍ ഹോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുണയായത് മാര്‍ഷ് സഹോദരന്മാരും ആരോണ്‍ ഫിഞ്ചും നേടിയ അര്‍ദ്ധ ശതകങ്ങളാണ്. 82 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷം ആരോണ്‍ ഫിഞ്ച്(54) പുറത്താകുകയായിരുന്നു. ഏതാനും ഓവറുകള്‍ക്ക് ശേഷം ഉസ്മാന്‍ ഖ്വാജ പുറത്തായി. 36 റണ്‍സാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ രണ്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

103 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും ഷോണ്‍ മാര്‍ഷും നേടിയത്. ഷോണ്‍ മാര്‍ഷ് 54 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് 53 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനു വേണ്ടി വഖാസ് മക്സൂദ്, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരാണ് വിക്കറ്റ് നേടിയത്.

Exit mobile version