ശ്രീലങ്കയെ വീഴ്ത്തി പാക്കിസ്ഥാന്‍ ഫൈനലില്‍

എസിസി പുരുഷന്മാരുടെ എമേര്‍ജിംഗ് ടീംസ് എഷ്യ കപ്പ് 2023ലെ ആദ്യ സെമിയിൽ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 60 റൺസ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ എ ടീം 322 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 45.4 ഓവറിൽ 262 റൺസിന് പുറത്തായി.

പാക്കിസ്ഥാന് വേണ്ടി ഒമൈര്‍ യൂസുഫ്(88), മൊഹമ്മദ് ഹാരിസ്(52), മുബാസിര്‍ ഖാന്‍(42) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 322 റൺസിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി ലഹിരു സമരകൂൺ, പ്രമോദ് മധുഷന്‍, കരുണാരത്നേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

97 റൺസ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോയ്ക്കും സഹന്‍ അരചിഗേയ്ക്കും പിന്തുണ നൽകുവാന്‍ മറ്റ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് ആതിഥയേര്‍ക്ക് തിരിച്ചടിയായത്. അര്‍ഷദ് ഇക്ബാൽ അഞ്ച് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബൗളിംഗിൽ തിളങ്ങിയപ്പോള്‍ മുബസിര്‍ ഖാനും സുഫിയന്‍ മുഖീമും രണ്ട് വീതം വിക്കറ്റ് നേടി.

എഡ് നുട്ടലിന് അഞ്ച് വിക്കറ്റ്, ന്യൂസിലാണ്ട് എയ്ക്കെതിരെ തകര്‍ന്ന് പാക്കിസ്ഥാന്‍ എ ടീം

ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പാക്കിസ്ഥാന്‍ എ ടീം. 194 റണ്‍സിന് പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ ന്യൂസിലാണ്ട് 171 റണ്‍സ് കൂടി നേടേണം.

58 റണ്‍സ് നേടിയ അസ്ഹര്‍ അലി പാക് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇമ്രാന്‍ ബട്ട് 27 റണ്‍സും രൊഹൈല്‍ നസീര്‍ 21 റണ്‍സും നേടി. മുഹമ്മദ് അബ്ബാസ് പുറത്താകാതെ 18 റണ്‍സ് നേടി. ന്യൂസിലാണ്ടിന് വേണ്ടി എഡ് നുട്ടല്‍ അഞ്ചും നഥാന്‍ സ്മിത്ത് മൂന്ന് വിക്കറ്റും നേടി.

ലയണിന്റെ എട്ട് വിക്കറ്റുകള്‍ക്ക് ശേഷം മികച്ച തുടക്കവുമായി ഓസ്ട്രേലിയ

പാക്കിസ്ഥാന്‍ എ ടീമിനെതിരെ മികച്ച നിലയില്‍ ഓസ്ട്രേലിയ. പാക്കിസ്ഥാന്‍ സീനിയര്‍ ടീമിനു തലവേദനയാകുന്ന വാര്‍ത്തയാണ് ലയണിന്റെ ഈ ബൗളിംഗ് പ്രകടനം. 39.1 ഓവര്‍ പന്തെറിഞ്ഞ നഥാന്‍ ലയണ്‍ ആണ് പാക്കിസ്ഥാന്‍ എ ടീമിന്റെ നടുവൊടിച്ചത്. ആബിദ് അലിയാണ് 85 റണ്‍സുമായി പാക്കിസ്ഥാന്‍ എ ടീമിന്റെ ടോപ് സ്കോറര്‍ ആയത്. സാദ് അലി(36), മുഹമ്മദ് റിസ്വാന്‍(26) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 99.1 ഓവറില്‍ ഓള്‍ഔട്ട് ആയ പാക്കിസ്ഥാന്‍ എ ടീം 278 റണ്‍സാണ് നേടിയത്. ലയണ്‍ എട്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോണ്‍ ഹോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുണയായത് മാര്‍ഷ് സഹോദരന്മാരും ആരോണ്‍ ഫിഞ്ചും നേടിയ അര്‍ദ്ധ ശതകങ്ങളാണ്. 82 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷം ആരോണ്‍ ഫിഞ്ച്(54) പുറത്താകുകയായിരുന്നു. ഏതാനും ഓവറുകള്‍ക്ക് ശേഷം ഉസ്മാന്‍ ഖ്വാജ പുറത്തായി. 36 റണ്‍സാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ രണ്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

103 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും ഷോണ്‍ മാര്‍ഷും നേടിയത്. ഷോണ്‍ മാര്‍ഷ് 54 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് 53 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനു വേണ്ടി വഖാസ് മക്സൂദ്, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരാണ് വിക്കറ്റ് നേടിയത്.

Exit mobile version