ഐസിസിയില്‍ നിന്ന് കിട്ടുവാനുള്ള 175 മില്യണ്‍ യുഎസ് ഡോളര്‍ നേടിയെടുക്കുവാന്‍ ബിസിസിഐയെ സഹായിക്കുന്നത് മുന്‍ ബിസിസിഐ തലവന്‍ എന്‍ ശ്രീനിവാസനാണെന്ന് ലഭിയ്ക്കുന്ന വിവരം. ഐസിസിയുടെ ബിഗ് ത്രീ റെസല്യൂഷന്‍ പ്രകാരമാണ് ഈ തുക നേടുവാനുള്ള ശ്രമം നടക്കുന്നത്. ഇപ്പോള്‍ കോവിഡ്-19നെ തുടര്‍ന്ന് എല്ലാ അസോസ്സിയേഷനുകളും ബോര്‍ഡുമെല്ലാം സാമ്പത്തിക ഞെരുക്കത്തിലാണെന്നതിനാല്‍ തന്നെ ഇത് സാധ്യമാകുമോ ഇല്ലയോ എന്നത് ഉറപ്പില്ല.
ഇത് കൂടാതെ ബിസിസിഐ 2016 ടി20 ലോകകപ്പ് നടത്തിയതില്‍ നിന്നുള്ള $23 മില്യണിന്റെ നികുതി ഇളവിന് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിലെ ചില മുതിര്‍ന്ന മന്ത്രിമാരുമായി ശ്രീനിവാസന്‍ ചര്‍ച്ച നടത്തി വരികയാണെന്നും അറിയുവാന്‍ കഴിയുന്നു. ശ്രീനിവാസന്‍ ഐസിസിയുടെയും ബിസിസിഐയുടെയും അധികാരത്തില്‍ പിടിമുറുക്കിയിരുന്ന സമയത്താണ് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിയ്ക്കുന്ന തരത്തില്‍ ഐസിസി പോളിസി മുന്നോട്ട് വെച്ചത്.
എന്നാല്‍ പിന്നീട് ഐസിസി ഇത് വേണ്ടെന്ന് വയ്ക്കുകയും ബിസിസിഐയ്ക്കും ഇതിനോട് യോജിക്കേണ്ടി വരികയായിരുന്നു. ഇപ്പോള്‍ എല്ലാ ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ബിസിസിഐയെയാണ് ഏവരും വരുമാനം സൃഷ്ടിക്കുവാനായി ഉറ്റുനോക്കുന്നത്. ഇനി കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബിസിസിഐ ആയിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.