ഏഷ്യ കപ്പില്‍ നിന്ന് യോ-യോ ടെസ്റ്റ് മൂലം ഒഴിവാക്കപ്പെട്ട ശേഷവും ഓസ്ട്രേലിയന്‍ ടൂറിലേക്കുള്ള ടെസ്റ്റ് ടീമില്‍ തന്നെ പരിഗണിക്കാതെയും ഇരുന്ന ശേഷം താന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് കാര്യമായി തന്നെ ചിന്തിച്ചുവെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് ഹഫീസ്. തനിക്ക് ഇനി പാക് ടീമില്‍ ഇടമില്ലെന്ന ചിന്തയാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്ന് പറഞ്ഞ താരം എന്നാല്‍ തന്നെ പിന്തിരിപ്പിച്ചത് തന്റെ ഭാര്യയും ഷൊയ്ബ് അക്തറുമാണെന്ന് വ്യക്തമാക്കി.
അവസാന നിമിഷം പാക്കിസ്ഥാന്‍ ടീമില്‍ ഇടം പിടിച്ച മുഹമ്മദ് ഹഫീസ് പിന്നീട് ടെസ്റ്റില്‍ ശതകം നേടിയാണ് വിമര്‍ശകരുടെ വായടക്കിയത്. ഞാന്‍ വിരമിക്കുവാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ തന്റെ ഭാര്യ അത് വിലക്കി. അതിനു ശേഷം അക്തര്‍ തന്നെ വിളിച്ച് സംസാരിച്ച് ഈ സാഹസത്തിനു മുതിരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് ഹഫീസ് വ്യക്തമാക്കി.
പാക്കിസ്ഥാനായി 51 ടെസ്റ്റുകളിലും 200 ഏകദിനത്തിലും 83 ടി20 മത്സരങ്ങളിലും കളിച്ച താരം ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ 126 റണ്‍സാണ് നേടിയത്. ആദ്യ ദിവസം രണ്ട് സെഷനുകളോളം വിക്കറ്റുകള്‍ നല്‍കാതെ മുന്നോട്ട് നീങ്ങിയ പാക് ഓപ്പണര്‍മാര്‍ അവസാന സെഷനിലാണ് പുറത്തായത്. പുറത്താകുന്നതിനു മുമ്പ് ഹഫീസ് തന്റെ പത്താം ശതകവും സ്വന്തമാക്കി.