ലഖ്‌നൗവിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് സുഖം പ്രാപിച്ച് വരുന്ന ഇന്ത്യൻ ബാറ്റിംഗ് താരവും സർഫറാസ് ഖാൻ്റെ ഇളയ സഹോദരനുമായ മുംബൈ ക്രിക്കറ്റ് താരം മുഷീർ ഖാന്റെ നില തൃപ്തികരം എന്ന് മെഡിക്കൽ റിപ്പോർട്ട്. 19-കാരന് കഴുത്തിന് പരിക്കേറ്റതിനാൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രിക്കറ്റ് നഷ്‌ടപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന ഇറാനി കപ്പിൽ നിന്നും ഒക്ടോബർ 11 ന് ആരംഭിക്കുന്ന 2024-25 രഞ്ജി ട്രോഫി സീസണിൻ്റെ തുടക്കത്തിൽ നിന്നും ഈ പരിക്കുകൾ അവനെ മാറ്റി നിർത്തും.
ജന്മനാടായ അസംഗഢിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകുകയായിരുന്ന മുഷീർ സഞ്ചരിച്ച കാർ, പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ വെച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന പിതാവ് നൗഷാദ് ഖാൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴുത്തിന് പൊട്ടലുണ്ടായതിനെത്തുടർന്ന് മുഷീറിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിലെ ഡോ. ഭോല സിംഗ് സ്ഥിരീകരിച്ചു.
കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇരട്ട സെഞ്ച്വറി നേടിയ മുഷീർ, 2024-25 സീസണിൽ ഇന്ത്യ ബിക്ക് വേണ്ടി ദുലീപ് ട്രോഫിയിൽ സെഞ്ച്വറിയുമായി മികച്ച ഫോമിലായിരുന്നു. യുവ ഓൾറൗണ്ടർക്ക് ഈ പരിക്ക് തിരിച്ചടിയാണ്.