വനിതാ പ്രീമിയർ ലീഗ് (WPL) കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇന്ന് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ 8 റൺസ് വിജയമാണ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ നേടിയത്. മുംബൈ ഇന്ത്യൻസിന്റെ രണ്ടാം WPL കിരീടമാണിത്. ഡൽഹി ക്യാപിറ്റൽസിന് മറ്റൊരു ഫൈനൽ തോൽവിയും.

ഇന്ന് മുംബൈ ഉയർത്തിയ 150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. മെഗ് ലാന്നിംഗ് 13, ഷഫാലി വർമ്മ 4, ജോണാസൻ 13, സത്തർലാണ്ട് 2, എന്നിവർ നിരാശപ്പെടുത്തി.
ജമീമ പൊരുതി നോക്കി എങ്കിലും 30 റൺസ് എടുത്ത് നിൽക്കെ അമിലിയ കെറിന്റെ പന്തിൽ പുറത്തായി. പിന്നെ മരിസൻ കാപിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. 5 ഓവറിൽ 52 വേണ്ടപ്പോൾ 16ആം ഓവറിൽ കാപ്പ് 17 റൺസ് അടിച്ചു. ഇത് 4 ഓവറിൽ 35 എന്ന നിലയിലേക്ക് ലക്ഷ്യം കുറച്ചു.
എന്നാൽ 18ആം ഓവറിൽ കാപ് പുറത്തായി. 26 പന്തിൽ നിന്ന് 40 റൺസ് കാപ് എടുത്തു. തൊട്ടടുത്ത പന്തിൽ ശിഘ പാണ്ഡെയും പുറത്തായി. സ്കാവിയർ ബ്രണ്ട് ആണ് 2 വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ വന്ന മലയാളി താരം മിന്നുമണി ഒരു ബൗണ്ടറിയുമായി ഡൽഹിക്ക് പ്രതീക്ഷ നൽകി.
അവസാന 2 ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 23 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. അടുത്ത ഓവറിൽ മിന്നു മണി പുറത്തായി. ഇതോടെ ഡൽഹി അവസാന വിക്കറ്റിലേക്ക് എത്തി. നിഖി പ്രസാദ് ഒരു സിക്സ് പറത്തിയതോടെ ഡൽഹിക്ക് 6 പന്തിൽ നിന്ന് 14 റൺസ്.
സ്കിവിയർ ബ്രണ്ടിന്റെ അവസാന ഓവറിൽ ഡൽഹിക്ക് പക്ഷെ 4 റൺസേ എടുക്കാൻ ആയുള്ളൂ. അവരുടെ ഇന്നിംഗ്സ് 141/9-ൽ അവസാനിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ തങ്ങളുടെ 20 ഓവറിൽ 149/7 എന്ന സ്കോർ ഉയർത്തി. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് മുംബൈക്ക് പൊരുതാനുള്ള റൺസ് നൽകിയത്.

നാറ്റ് സ്കൈവർ-ബ്രണ്ട് 28 പന്തിൽ 30 റൺസ് സംഭാവന ചെയ്‌തപ്പോൾ, അമൻജോത് കൗർ (7 പന്തിൽ 14) റൺസ് എടുത്തു. എന്നാൽ അവസാന 5 ഓവറിൽ റൺസ് ഉയർത്താൻ മുംബൈക്ക് ആയില്ല.
ഡിസി-ഡബ്ല്യുവിന് വേണ്ടി, മാരിസാൻ കാപ്പ് തൻ്റെ നാല് ഓവറിൽ 2/11 എന്ന നിലയിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ശ്രീ ചരണിയും ജെസ് ജോനാസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.