ലോകകപ്പിനിടയിൽ മുഹമ്മദ് ഷമി സുജൂദ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നും അത് പക്ഷേ ഭയം കൊണ്ട് ചെയ്തില്ല എന്നും പാകിസ്താനിൽ നിന്നുള്ള ചിലരുടെ ആരോപണങ്ങൾക്ക് ഷമി ഇന്ന് മറുപടി പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരത്തിൽ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. അഞ്ചാം വിക്കറ്റ് വീഴ്ത്തിയ ശേഷം അദ്ദേഹം ഗ്രൗണ്ടിൽ മുട്ടുകുത്തി. ഷമി അന്ന് സുജൂദ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി പേടിച്ച് ഷമി ആ മോഹം ഉപേക്ഷിക്കുക ആയിരുന്നു എന്നുമായിരുന്നു ചില പാകിസ്താനി സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആരോപണം ഉന്നയിച്ചത്.
“ആരെങ്കിലും സജ്ദ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആരാണ് തടയുക? ഞാൻ നിങ്ങളുടെ മതത്തിൽ നിന്ന് ആരെയും തടയില്ല, നിങ്ങൾ ആരും എന്റെ മതത്തിൽ നിന്ന് എന്നെയും തടയില്ല, എനിക്ക് സജ്ദ ചെയ്യണമെങ്കിൽ ഞാൻ അത് ചെയ്യും. എന്താണ് പ്രശ്നം? ഞാൻ പറയുന്നു. ഞാൻ മുസ്ലീമാണ്, ഞാൻ ഒരു ഇന്ത്യക്കാരനാണ്, ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് അഭിമാനത്തോടെ പറയുന്നു,” അദ്ദേഹം മറുപടി പറഞ്ഞു.
“എനിക്ക് അങ്ങനെ ഒരു പ്രശ്‌നമുണ്ടെങ്കിൽ, ഞാൻ ഇന്ത്യയിൽ ജീവിക്കുമായിരുന്നില്ല, സജ്ദ ചെയ്യാൻ ആരുടെയെങ്കിലും അനുവാദം വാങ്ങണമെങ്കിൽ, ഞാൻ എന്തിന് ഇവിടെ ജീവിക്കണം, സോഷ്യൽ മീഡിയയിൽ ആ കമന്റുകൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ എപ്പോഴെങ്കിലും സജ്ദ ചെയ്തിട്ടുണ്ടോ? ഞാൻ ഇതിനുമുമ്പ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്, പക്ഷേ ഞാൻ എപ്പോഴെങ്കിലും സജ്ദ ചെയ്തിട്ടുണ്ടോ? എനിക്ക് സജ്ദ ചെയ്യണമെങ്കിൽ, അത് എവിടെ ചെയ്യണമെന്ന് എന്നോട് പറയൂ, ഞാൻ അത് ചെയ്യും.’ ഷമി പറഞ്ഞു.