മോർഗന്റെ വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് പരമ്പര സ്വന്തം

Staff Reporter

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരം ജയിച്ച് ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഒരുവേള ഇംഗ്ലണ്ട് ജയം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തിൽ സിക്സുകളുടെ പെരുമഴ പെയ്യിച്ച ക്യാപ്റ്റൻ മോർഗൻ ആണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് എടുത്തത്. 33 പന്തിൽ 66 റൺസ് എടുത്ത ക്ളസ്സനും 24 പന്തിൽ 49 റൺസ് എടുത്ത ബാവുമ്മയും പുറത്താവാതെ 20 പന്തിൽ 35 റൺസ് എടുത്ത മില്ലറുമാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കി നിൽക്കെ 226 റൺസ് എടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 29 പന്തിൽ നിന്ന് 57 റൺസ് എടുത്ത ബട്ലറും 34 പന്തിൽ 64 റൺസ് എടുത്ത ബെയർസ്റ്റോയും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. തുടർന്നാണ് മത്സരം മാറ്റിമറിച്ച മോർഗന്റെ ഇന്നിംഗ്സ് പിറന്നത്.  വെറും 22 പന്തിൽ നിന്ന് 7 സിക്സുകൾ അടക്കം പുറത്താവാതെ 57 റൺസ് നേടിയ മോർഗൻ ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു.