ശ്രീലങ്ക പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനാകുമെന്ന് പ്രതീക്ഷ – മോമിനുള്‍ ഹക്ക്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ നടക്കുവാനിരിക്കുന്ന പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ക്ക് വേണ്ട സമയം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍ മോമിനുള്‍ ഹക്ക്. ബംഗ്ലാദേശിന്റെ പരിശീലനം ആരംഭിച്ച താരങ്ങളില്‍ മോമിനുള്‍ ഹക്കും ടി20 ക്യാപ്റ്റന്‍ മഹമ്മദുള്ളയും ഉള്‍പ്പെടുന്നുണ്ട്. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര കൊറോണ കാരണം മാറ്റി വയ്ക്കുകയായിരുന്നു.

കാര്യങ്ങളെല്ലാം ശരിയായി മുന്നോട്ട് പോയാല്‍ ഒക്ടോബറില്‍ പരമ്പര നടത്തുമെന്നാണ് അറിയുന്നത്. അതിന് മുമ്പ് പരിശീലനത്തിന് മതിയായ സമയം ടീമിന് ലഭിയ്ക്കുമെന്നാണ് മോമിനുള്‍ ഹക്കിന്റെ പ്രതീക്ഷ. മാര്‍ച്ച് മുതല്‍ ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രവൃത്തികളെല്ലാം തടസ്സപ്പെട്ടിരിക്കുന്നസാഹചര്യമാണിപ്പോളുള്ളത്.

35 താരങ്ങളെ വെച്ച് പരിശീലനം ആരംഭിക്കുവാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതില്‍ പത്ത് താരങ്ങളാണ് ആദ്യ ഘട്ടത്തെ പരിശീലനത്തിനായി എത്തിയത്.