സൗത്താംപ്ടണ്‍ ടെസ്റ്റിലെ രണ്ടാം ദിവസവും മഴ ബഹുഭൂരിഭാഗവും കവര്‍ന്നപ്പോള്‍ മത്സരത്തില്‍ 223/9 എന്ന നിലയില്‍ പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാന്റെ ചെറുത്ത് നില്പാണ് പാക്കിസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരയറ്റിയത്.
126/5 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ ലഞ്ചിന് പിരിയുമ്പോള്‍ 155/5 എന്ന നിലയിലാണ് പിരിഞ്ഞതെങ്കിലും രണ്ടാം സെഷന്‍ ആരംഭിച്ച് ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീമിന് 47 റണ്‍സ് നേടിയ ബാബര്‍ അസമിനെ നഷ്ടമാകുകയായിരുന്നു. പിന്നീട് വാലറ്റത്തോടൊപ്പം നിന്ന് പൊരുതിയ മുഹമ്മദ് റിസ്വാന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീം സ്കോര്‍ 200 കടക്കുവാന്‍ പാക്കിസ്ഥാനെ സഹായിച്ചത്.
തന്റെ രണ്ടാമത്തെ അര്‍ദ്ധ ശതകം നേടിയ റിസ്വാന്‍ ഒമ്പതാം വിക്കറ്റില്‍ ഏറെ നിര്‍ണ്ണായകമായ 39 റണ്‍സാണ് മുഹമ്മദ് അബ്ബാസുമായി നേടിയത്. ഇതാണ് ടീമിനെ 200 കടക്കുവാന്‍ സഹായിച്ചത്. 176/8 എന്ന നിലയില്‍ ആയിരുന്നു ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍.
60 റണ്‍സ് നേടിയ താരത്തിനൊപ്പം നസീം ഷാ ഒരു റണ്‍സുമായി ക്രീസിലുണ്ട്.ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റ് നേടി. സാം കറന്‍, ക്രിസ് വോക്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.