മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ വീണ്ടും ഐപിഎല്ലിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. 33 കാരനായ അമീർ 2024 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഭാര്യയും യുകെ പൗരത്വമുള്ള വ്യക്തിയുമായ നർജിസ് ഖാത്തൂണിലൂടെ ബ്രിട്ടീഷ് പൗരത്വം നേടാനുള്ള ശ്രമത്തിലാണ് അമീർ ഇപ്പോൾ.

യുകെ പാസ്‌പോർട്ട് നേടിയ ശേഷം 2012 ൽ ഐപിഎല്ലിൽ കളിച്ച അസർ മഹ്മൂദിന്റെ ഉദാഹരണമാക്കിയാണ് ആമിറിന്റെ നീക്കം. 2008 ലെ മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ കളിക്കാർക്ക് ബിസിസിഐ ഏർപ്പെടുത്തിയ ദീർഘകാല വിലക്ക് കാരണം, വിദേശ പൗരത്വമുള്ളവർക്ക് മാത്രമേ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കൂ.
ജിയോ ന്യൂസിനോട് സംസാരിക്കവെ, അവസരം ലഭിച്ചാൽ തീർച്ചയായും ഐപിഎല്ലിൽ കളിക്കുമെന്ന് അമീർ പറഞ്ഞു. ഇല്ലെങ്കിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.