ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ പരിചയസമ്പത്ത് മാത്രം സ്വര്‍ണ്ണത്തൂക്കത്തിന് തുല്യമാണെന്നും ടീമിന്റെ വലിയ ആസ്തിയാണ് താരമെന്നും പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഏറെ കാലമായി ടീമിനൊപ്പമുള്ള മൂന്ന് ഫോര്‍മാറ്റിലും കളിച്ച് പരിചയമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളിച്ച് ശീലിച്ച താരത്തിനെ പോലെ ഒരാളെ സ്ക്വാഡില്‍ ലഭിയ്ക്കുന്നത് വലിയ സൗകര്യമാണെന്നം താരത്തിനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും ഉപയോഗിക്കാവുന്നതാണെന്നും മോര്‍ഗന്‍ വ്യക്തമാക്കി.
വര്‍ഷങ്ങളോളം ബാറ്റിംഗില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ള മോയിന്‍ ഏഴാം നമ്പറിലും ഡെത്ത് ഓവറുകള്‍ ഒഴികെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുവാനും സാധിക്കുന്ന താരമാണെന്ന് മോര്‍ഗന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് മോയിന്‍ അലി ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും കളിക്കുമെന്നതിന് ഇത് ഉറപ്പ് നല്‍കുന്നില്ലെന്നതാണ് വസ്തുത. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആദില്‍ റഷീദ് ആണ് ഇംഗ്ലണ്ടിന്റെ മുന്‍ നിര സ്പിന്നര്‍. ഇന്ത്യന്‍ നിരയില്‍ കൂടുതലും വലംകൈയ്യന്‍ ബാറ്റ്സ്മാന്മാരുള്ളതിനാല്‍ തന്നെ മോയിന്‍ അലിയെക്കാള്‍ ആദില്‍ റഷീദിനാണ് കൂടുതല്‍ സാധ്യത.
എന്നാല്‍ പിച്ചുകള്‍ വരണ്ടതും സ്പിന്നിന് കൂടുതല്‍ പിന്തുണയുള്ളതാണെങ്കില്‍ മോയിന്‍ അലിയ്ക്കും നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.