മോദി സര്‍ക്കാര്‍ കാരണം ഇന്ത്യയുമായി കളിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹം നടക്കില്ല – ഷാഹിദ് അഫ്രീദി

പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദ്. മോദി സര്‍ക്കാരിന്റെ നയം കാരണമാണ് ഇതെന്ന് അഫ്രീദി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനുള്ള പണം സ്വരൂപിക്കുന്നതിന് വേണ്ടി നേരത്തെ ഷൊയ്ബ് അക്തര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പര നടത്തണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ഒട്ടേറെ വിമര്‍ശനം കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ഇത്തരം ഒരു മത്സരം സാധ്യമല്ലെന്നാണ് കപില്‍ദേവ്, സഹീര്‍ അബ്ബാസ് തുടങ്ങിയവര്‍ പറഞ്ഞത്. കായിക താരങ്ങളുടെ സുരക്ഷയെ ഇത് ബാധിക്കുമെന്നാണ് ഇവര്‍ ഷൊയ്ബ് അക്തറിന്റെ ആശയത്തെ വിമര്‍ശിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി ഇതിന് കാരണം ഇന്ത്യന്‍ സര്‍ക്കാരാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ ഇന്നും ഈ വിഷയത്തില്‍ പോസിറ്റീവ് സമീപനമാണ് എടുത്തിട്ടുള്ളത് എന്നാല്‍ ഇന്ത്യയാണ് മുന്നോട്ട് വരാത്തതെന്ന് അഫ്രീദി ഒരു പത്രത്തിനുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Exit mobile version