മേയ് 2019 മുതില്‍ ടി20 മത്സരങ്ങളില്‍ റണ്‍സ് വാരിക്കൂട്ടുകയാണ് ഇംഗ്ലണ്ട് താരം അലെക്സ് ഹെയ്‍ല്‍സ്. എന്നാല്‍ താരത്തിനെ ഇംഗ്ലണ്ട് തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2019 ഏകദിന ലോകകപ്പിന് മുമ്പ് ടീമില്‍ നിന്ന് താരത്തെ പുറത്താക്കുകയായിരുന്നു. ലോകകപ്പിന് തൊട്ട് മുമ്പ് താരം റിക്രിയേഷണല്‍ ഡ്രഗ്സ് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ശേഷമാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. താന്‍ അതിന് ശേഷം മാനസികമായി വളരെ തകര്‍ന്ന് പോയെന്നാണ് അലെക്സ് ഹെയ്‍ല്‍സ് പറയുന്നത്.
ലോകകപ്പിലെ ഇംഗ്ലണ്ട് സ്ക്വാഡില്‍ അംഗമായിരുന്ന താന്‍ ലോകകപ്പ് കളിക്കുമെന്നത് തന്നെയായിരുന്നു തന്റെ വിശ്വാസം എന്നാല്‍ താന്‍ വ്യക്തിഗത ജീവിതത്തില്‍ വരുത്തിയ പിഴവുകളാണ് തന്റെ ആ മോഹങ്ങളെ നഷ്ടപ്പെടുത്തിയതെന്ന് ഹെയ്‍ല്‍സ് വിശദീകരിച്ചു. എന്നാല്‍ താന്‍ ചെയ്ത തെറ്റ് തന്റെ അവസരങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും തനിക്ക് വീണ്ടും അവസരം കിട്ടുമെന്നുമാണ് പ്രതീക്ഷയെന്നും ഹെയ്‍ല്‍സ് വ്യക്തമാക്കി.
നേരത്തെ സ്റ്റോക്സിനൊപ്പം ബ്രിസ്റ്റോളില്‍ ഉണ്ടായ പ്രശ്നങ്ങളില്‍ ഇരുവര്‍ക്കെതിരെയും ഇസിബി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും സംഭവത്തിന് ശേഷം ക്രിക്കറ്റില്‍ സ്റ്റോക്സും ഹെയ്‍ല്‍സും സജീവമായി വരുന്നതിനിടയിലാണ് ഈ സംഭവം. താന്‍ തന്റെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോള്‍ പുറത്തെടുക്കുന്നതെന്നും എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടി അത് സാധിക്കുന്നില്ലെന്നതും ഓര്‍ക്കുമ്പോള്‍ വളരെ വിഷമമുണ്ടെന്നും താരം സൂചിപ്പിച്ചു.