മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (MCG) നടന്ന നാലാം ആഷസ് ടെസ്റ്റിലെ പിച്ചിന്റെ നിലവാരം തൃപ്തികരമല്ലെന്ന് (Unsatisfactory) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC). ഐസിസിയുടെ പിച്ചുകളുടെ നിരീക്ഷണ പ്രക്രിയയുടെ ഭാഗമായി വേദിക്ക് ഒരു ‘ഡീമെറിറ്റ്’ പോയിന്റും നൽകിയിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 36 വിക്കറ്റുകൾ നിലംപൊത്തിയതും കളി വെറും രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചതുമാണ് ഇത്തരമൊരു നടപടിക്ക് കാരണമായത്.
മാച്ച് റഫറി ജെഫ് ക്രോ സമർപ്പിച്ച റിപ്പോർട്ടിൽ, പിച്ച് ബൗളർമാരെ അമിതമായി സഹായിക്കുന്നതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യ ദിനം 20 വിക്കറ്റുകളും രണ്ടാം ദിനം 16 വിക്കറ്റുകളുമാണ് വീണത്. മത്സരത്തിൽ ഒരു ബാറ്റർക്ക് പോലും അർദ്ധസെഞ്ചറി തികയ്ക്കാൻ സാധിച്ചില്ല എന്നത് പിച്ചിന്റെ സ്വഭാവം എത്രത്തോളം ബൗളർമാർക്ക് അനുകൂലമായിരുന്നു എന്നതിന് തെളിവാണ്. ഈ ടെസ്റ്റിൽ നാല് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട്, 2011-ന് ശേഷം ഓസ്‌ട്രേലിയയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം കുറിച്ചു. എങ്കിലും പരമ്പരയിൽ 3-1ന് ഓസ്‌ട്രേലിയ മുന്നിലാണ്.









