മധ്യപ്രദേശിനെതിരായ 2022-23 ഇറാനി കപ്പ് മത്സരത്തിൽ കർണാടക ഓപ്പണറായ മായങ്ക് അഗർവാൾ റെസ്റ്റ് ഓഫ് ഇന്ത്യ (RoI) ടീമിനെ നയിക്കും. മാർച്ച് 1നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതുവരെ ROI ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിനെ അഗർവാൾ നയിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയെ രഞ്ജി ട്രോഫി സെമിഫൈനലിലേക്ക് നയിക്കാൻ മായങ്കിനായിരുന്നു.

13 ഇന്നിംഗ്‌സുകളിൽ നിന്ന് 82.50 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും നേടിയ അഗർവാൾ 990 റൺസുമായി രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്ത താരമായി മാറിയിരുന്നു.
ബംഗാൾ ബാറ്റർമാരായ അബിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുംബൈ ഓപ്പണർ യശസ്വി ജയ്‌സ്വാൾ, വിക്കറ്റ് കീപ്പർ-ഓപ്പണർ ഹാർവിക് ദേശായി, രഞ്ജി ട്രോഫി കിരീടം നേടിയ സൗരാഷ്ട്ര ടീമിൽ നിന്നുള്ള ഇടങ്കയ്യൻ സീമർ ചേതൻ സക്കറിയ എന്നിവരടങ്ങുന്നതായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യ ടീം.
വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവ്, ബാബാ ഇന്ദ്രജിത്ത്, ഡൽഹി ക്യാപ്റ്റൻ യാഷ് ദുൽ എന്നിവരും ടീമിൽ ഉണ്ടാകും. മുംബൈ ബാറ്റർ സർഫറാസ് ഖാനെ പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കും.














