ഇന്ത്യയുടെ ബാറ്റിംഗില്‍ ഏറെ കാലമായി ഒരു സ്ഥിരം സ്ലോട്ടില്‍ കളിക്കാന്‍ ആളില്ലാതിരുന്നത് നാലാം നമ്പറിലായിരുന്നു. അതിനുള്ള പരിഹാരമായാണ് അമ്പാട്ടി റായിഡു കഴിഞ്ഞ കുറച്ച് കാലത്തെ തന്റെ പ്രകടനത്തിലൂടെ സ്ഥാനം ഉറപ്പിച്ചിരുന്നത്. ഓപ്പണര്‍മാരും മൂന്നാമനായി കോഹ്‍ലിയും ഏറെക്കുറെ ഉറപ്പിച്ച ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പില്‍ നാലാം സ്ഥാനത്ത് തന്റെ പേരും ചേര്‍ത്ത താരമാണ് അമ്പാട്ടി റായിഡു. എംഎസ് ധോണി അഞ്ചാം നമ്പറില്‍ താന്‍ തയ്യാറെന്ന് അടുത്ത കാലത്തെ പ്രകടനത്തിലൂടെ വിളിച്ചറിയിക്കുകയും ചെയ്തിരിക്കുന്ന ഘട്ടത്തിലാണ് ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം ഇന്ത്യ വരുത്തിയേക്കുമെന്ന വെളിപ്പെടുത്തലുമായി പരിശീലകന്‍ രവി ശാസ്ത്രി.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചിക്കുമെന്ന് പറഞ്ഞ രവിശാസ്ത്രി അമ്പാട്ടി റായിഡുവിനെയോ വേറെ ആരെയെങ്കിലും കോഹ്‍ലിയുടെ സ്ഥിരം സ്ഥാനമായ മൂന്നാം നമ്പറില്‍ പരീക്ഷിച്ചേക്കുമെന്ന് പറഞ്ഞു. ഓപ്പണിംഗ് കൂട്ടുകെട്ടിനു യാതൊരു തരത്തിലുള്ള മാറ്റവും വരുത്തില്ലെന്ന് അറിയിച്ച ശാസ്ത്രി ഇന്ത്യയുടെ ശക്തരായ മൂന്ന് താരങ്ങളെ വേര്‍തിരിക്കുന്നത് ബാറ്റിംഗ് ഓര്‍ഡറെ കൂടുതല്‍ ശക്തനാക്കുമെന്നും പറഞ്ഞു.
എന്നാല്‍ ഇംഗ്ലണ്ടിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇതിന്മേലൊരു തീരുമാനമുണ്ടാകുകയുള്ളുവെന്നും ശാസ്ത്രി പറഞ്ഞു. ബൗളിംഗ് അനുകൂല പിച്ചില്‍ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണ്ണമെന്റില്‍ തങ്ങളുടെ മുന്‍ നിര ബാറ്റ്സ്മാന്മാരെ നേരത്തെ നഷ്ടപ്പെടുന്നത് ഒരു ടീമും ആഗ്രഹിക്കുകയില്ലെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു.