ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്വെൽ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസുമായി രണ്ട് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെച്ചു. ഇതോടെ തന്റെ 39-ാം വയസ്സു വരെ താരം സ്റ്റാർസിനൊപ്പം തുടരുമെന്ന് ഉറപ്പായി. ബിഗ് ബാഷ് ലീഗിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള മാക്സ്വെല്ലിനെ സ്വന്തമാക്കാൻ സിഡ്നി തണ്ടർ വമ്പൻ ഓഫറുമായി രംഗത്തെത്തിയിരുന്നെങ്കിലും, തന്റെ പഴയ ക്ലബ്ബിനോടുള്ള താല്പര്യം കാരണം താരം മെൽബൺ സ്റ്റാർസിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 76 റൺസും 2 വിക്കറ്റും മാത്രമാണ് നേടാനായതെങ്കിലും, വരും സീസണുകളിൽ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാക്സ്വെൽ.
തനിക്ക് ഈ ക്ലബ്ബിനോടുള്ള താല്പര്യം വളരെ വലുതാണെന്നും ഈ ടീമിനൊപ്പം അടുത്ത രണ്ട് വർഷത്തിനുള്ളിൽ കിരീടം നേടുകയാണ് ലക്ഷ്യമെന്നും മാക്സ്വെൽ വ്യക്തമാക്കി. മാക്സ്വെല്ലിന് പുറമെ യുവതാരം കാംബെൽ കെല്ലാവേയുമായും ക്ലബ്ബ് രണ്ട് വർഷത്തെ കരാർ പുതുക്കിയിട്ടുണ്ട്. ഈ സീസണിൽ 172 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച കെല്ലാവേയുടെ സാന്നിധ്യം ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് കരുത്താകുമെന്ന് ക്ലബ്ബ് അധികൃതർ വിലയിരുത്തുന്നു.









