ശ്രീലങ്ക പേടിച്ചത് സംഭവിച്ചു, മാത്യൂസ് ത്രിരാഷ്ട്ര പരമ്പരയില്‍ ഇല്ല

Sports Correspondent

ഹാംസ്ട്രിംഗ് ഇഞ്ച്വറി മൂലം രണ്ടാം ഏകദിനത്തില്‍ കളിക്കാതിരുന്ന ലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് ത്രിരാഷ്ട്ര പരമ്പരയില്‍ ഇനി കളിക്കില്ല എന്നുറപ്പായി. റീഹാബിനായി ലങ്കയിലേക്ക് തിരിക്കുകയാണെന്നാണ് ശ്രീലങ്കയുടെ ഔദ്യോഗിക വിശദീകരണം. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ലങ്കയ്ക്ക് തിരിച്ചടിയാണ് ക്യാപ്റ്റന്റെ സേവനം നഷ്ടമാവുന്നത്. ജനുവരി 2017 മുതല്‍ പലപ്പോഴായി പരിക്ക് താരത്തെ അലട്ടുകയാണ്. പലവട്ടം ഇതിനു മുമ്പും പരമ്പരകളില്‍ നിന്ന് മാത്യൂസിനു പാതി വഴിക്ക് പരിക്ക് മൂലം തിരികെ പോകേണ്ടി വന്നിട്ടുണ്ട്.

പുതിയ കോച്ചിനു കീഴില്‍ കളി ആരംഭിച്ചിട്ടും ശ്രീലങ്കയ്ക്ക് ജയം സ്വന്തമാക്കാന്‍ ആയിട്ടില്ല. കഴിഞ്ഞ വര്‍ഷം സിംബാബ്‍വേയ്ക്കെതിരെ അപ്രതീക്ഷിതമായി ഏകദിന പരമ്പര തോറ്റതിനു ശേഷമാണ് ആഞ്ചലോ മാത്യൂസ് നായക സ്ഥാനം ഉപേക്ഷിച്ചത്. ഹതുരുസിംഗയുടെ കീഴില്‍ വീണ്ടും നായക സ്ഥാനത്തേക്ക് തിരികെയെത്തിയെങ്കിലും ലങ്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്.

പരമ്പരയില്‍ ദിനേശ് ചന്ദിമല്‍ ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial