കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ), അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിൽ ഇത്തവണ ഐഎസ്എൽ നടക്കാനുള്ള സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ തള്ളി പ്രശസ്ത കായിക നിരീക്ഷകനും എഴുത്തുകാരനുമായ മാർക്കസ് മെർഗുലാവോ. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ സഹകരണത്തോടെ കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ കൊച്ചി റീജ്യണൽ സ്പോർട്സ് സെൻ്ററിൽ കായിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപ്പശാല നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. വരുന്ന ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിധി വരും. അതിനു മുന്നോടിയായി ഏഴാം തീയതി എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഈ ചർച്ചയിൽ ഐഎസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മാധ്യമ പ്രവർത്തനം വലിയ വളർച്ച കൈവരിച്ച ഇക്കാലത്ത് എല്ലാവരും മാധ്യമ പ്രവർത്തകരാണ്. തെറ്റായ വാർത്തകളുടെ പ്രചരണം കൂടിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനായി കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകനായിരുന്ന ഇവാൻ വുകമാനോവിച്ച് വരുന്നു എന്ന് വലിയ പ്രചാരണമുണ്ടായി. എന്നാൽ, ഇന്ത്യൻ ഫുട്ബോളിനെ കൃത്യമായി മനസ്സിലാക്കുന്നവർക്കും പിന്തുടരുന്നവർക്കും അത് തെറ്റായ വാർത്തയാണെന്നു മനസ്സിലാകും. അതിനാൽ ഏത് വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴും ഫാക്ട് ചെക്ക് അനിവാര്യമാണ്. ഡിജിറ്റൽ മീഡിയയുടെ ആവിർഭാവത്തോടെ പ്രിൻ്റ് മീഡിയയുടെ പ്രാധാന്യം കുറഞ്ഞു പോയെന്നു പറയുന്നതിൽ അടിസ്ഥാനമില്ല. വെല്ലുവിളികൾ അതിജീവിച്ച് തന്നെയാണ് പ്രിൻ്റ് മീഡിയ നിലനിൽക്കുന്നത്. എത്രയെല്ലാം വാർത്തകൾ അറിഞ്ഞാലും അതുറപ്പിക്കുന്നതിന് ഇന്നും വർത്തമാനപ്പത്രങ്ങളെ ആശ്രയിക്കുന്നവർ ധാരളമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരിയർ വളരാനും സ്പോർട്സ് വളർത്താനും ലോക്കൽ സ്പോർട്സ് ആഴത്തിൽ കവർ ചെയ്യാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണം.
യൂറോപ്യൻ ഫുട്ബോളിൻ്റെ മാസ്മരികതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങൾ വലിയ അളവിൽ കൊടുക്കുമ്പോൾ ഇന്ത്യൻ ഫുട്ബോളിൻ്റെ നെഗറ്റീവ് വശം മാത്രം കൊടുത്താൽ എങ്ങനെ നമ്മുടെ സ്പോർട്സ് വളരുമെന്ന് അദ്ദേഹം ചോദിച്ചു.
കെ.എസ്.ജെ.എ സംഘടിപ്പിച്ച ശില്പശാലയിൽ കേരളത്തിൽ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കായിക മാധ്യമ പ്രവർത്തകരും, വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും പങ്കെടുത്തു. ചടങ്ങിൽ കെ.എസ്.ജെ.എ സെക്രട്ടറി സി.കെ രാജേഷ് കുമാർ സ്വാഗതവും, ട്രഷറർ അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി ആൻ്റണി ജോൺ ശില്പശാല നയിച്ച മാർക്കസിനെ പരിചയപ്പെടുത്തി. ജോ.സെക്രട്ടറി സിറാജ് കാസിം അവതാരകനായി.