വിന്‍ഡീസ് 287 റണ്‍സിന് പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 37/2 എന്ന നിലയില്‍

Sports Correspondent

ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമായെങ്കിലും നാലാം ദിവസം ആവേശകരമായ കാഴ്ചകളാണ് കണ്ടത്. വിന്‍ഡീസ് ഒരു ഘട്ടത്തില്‍ 242/4 എന്ന ശക്തമായ നിലയില്‍ നിന്ന് 287 റണ്‍സിന് ഓള്‍ഔട്ട് ആകുന്നതാണ് കണ്ടത്. സ്റ്റുവര്‍ട് ബ്രോഡും ക്രിസ് വോക്സും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് വിന്‍ഡീസിന്റെ പതനം ഉറപ്പാക്കിയത്.

45 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയിലാണ് വിന്‍ഡീസിന് 6 വിക്കറ്റ് നഷ്ടമാകുന്നത്. അതിനിടയ്ക്ക് ടീം ഫോളോ ഓണിന് വിധേയനാകുമോ എന്ന ഭയവും ഉണ്ടായിരുന്നു. 75 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷമാര്‍ ബ്രൂക്ക്സ് 68 റണ്‍സും റോഷ്ടണ്‍ ചേസ് 51 റണ്‍സും നേടുകയായിരുന്നു.

ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 37/2 എന്ന നിലയിലാണ്. ഓപ്പണിംഗില്‍ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിനെയും ജോസ് ബട്ലറെയും പരീക്ഷിച്ച് സ്കോറിംഗ് വേഗത കൂട്ടുവാനാണ് ശ്രമിച്ചതെങ്കിലും ആദ്യ ഓവറില്‍ തന്നെ ബട്‍ലറുടെ വിക്കറ്റ് ടീമിന് നഷ്ടമായി. കെമര്‍ റോച്ചിനായിരുന്നു വിക്കറ്റ്.

സാക്ക് ക്രോളിയുടെ വിക്കറ്റും റോച്ചിനാണ് ലഭിച്ചത്. താരം 11 റണ്‍സ് നേടി. നാലാം ദിവസം അവസാനിക്കുമ്പോള്‍ 219 റണ്‍സ് ലീഡുമായി നില്‍ക്കുന്ന ഇംഗ്ലണ്ടിനായി 16 റണ്‍സുമായി സ്റ്റോക്സും 8 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.