മലപ്പുറം: സുപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി ഒരുങ്ങുന്ന മലപ്പുറം എഫ്സി ഗോൾവല കാക്കാനായി മറ്റൊരു മികച്ച കീപ്പറെ കൂടി ടീമിലെത്തിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ മുഹമ്മദ് ജെസിനെയാണ് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കിയത്.വെറും 21 വയസ്സ് പ്രായം മാത്രമാണ് താരത്തിനുള്ളത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ജെസീൻ. എസ്എൽകെയിൽ ഇതാദ്യമായാണ് താരം ബൂട്ട് കെട്ടാനൊരുങ്ങുന്നത്.

കൊണ്ടോട്ടിയിലെ കെ.വൈ.ഡി.എഫ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ജെസീൻ വളർന്നു വന്നത്. അവിടന്ന് പിന്നീട് പറപ്പൂർ എഫ്സിയിലേക്ക് എത്തി. പറപ്പൂരിന് വേണ്ടി 2017- 18 സീസണിൽ അണ്ടർ -15 യൂത്ത് ഐ-ലീഗ്, 2018 – 19 സീസണിൽ അണ്ടർ -18 കേരള ജൂനിയർ ലീഗ്, അണ്ടർ -18 ജൂനിയർ ഐ-ലീഗ് എന്നീ ടൂര്ണമെന്റ്കളിൽ കളിച്ചു. 2021-22 സീസൺ കേരളാ പ്രീമിയർ ലീഗിലും താരം പറപ്പൂർ എഫ്സിയുടെ വല കാത്തിട്ടുണ്ട്. 2019ൽ പിഎഫ്സിയിൽ കളിക്കുന്ന സമയത്ത് അണ്ടർ-16 വിഭാഗത്തിൽ കേരള ടീമിന് വേണ്ടി ബീസി റോയ് ട്രോഫിയിലും ബൂട്ടണിഞ്ഞു.
പിന്നീട് പറപ്പൂർ എഫ്സിയിൽ നിന്നും താരത്തിൻറെ ശ്രദ്ധേയമായ പ്രകടനം കണ്ട് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി കേരള പ്രീമിയർ ലീഗിലും ഡെവലപ്പ്മെൻറ് ലീഗിലും ബൂട്ട് കെട്ടി, ബണ്ടോദ്കർ മെമ്മോറിയൽ ട്രോഫിയിൽ റണ്ണർ-അപ്പായ ടീമിലും അംഗമായിരുന്നു. കൂടാതെ ഐഎസ്എൽ,സൂപ്പർ കപ്പ്, ഡ്യൂറൻഡ് കപ്പ് സ്ക്വാഡുകളിലും ഇടം നേടിയിട്ടുണ്ട്. ഈ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്റെ ഗോൾപോസ്റ്റിന് മുന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഒരുങ്ങുകയാണ് മുഹമ്മദ് ജെസീൻ.