മലപ്പുറം, ഡിസംബർ 3, 2025: ജയിച്ചാൽ സെമി-ഫൈനൽ, തോറ്റാൽ തുടർച്ചയായ രണ്ടാം സീസണിലും സെമി കാണാതെ മടങ്ങാം. അത്കൊണ്ട് തന്നെ സൂപ്പർ ലീഗ് കേരളയിലെ അവസാന ലീഗ് ഘട്ട മത്സരം മലപ്പുറത്തിന് ജീവൻമരണ പോരാട്ടമാണ്. ഇത്തവണ സ്വന്തം കാണികൾക്ക് മുൻപിൽ ജയിച്ചേ മതിയാകൂ. സെമിയിലെത്തണമെങ്കിൽ കൊച്ചിക്കെതിരെ ജയിക്കുകയല്ലാതെ വേറെ വഴിയില്ല.
നാളെ വൈകിട്ട് 7.30നാണ് പയ്യനാട് സ്റ്റേഡിയത്തിൽ കിക്കോഫ്. മലപ്പുറത്തിനിത് അതിനിർണ്ണായകമായ മത്സരമാണ്.മറുപുറത്ത് കൊച്ചിയാണെങ്കിൽ ഇനിയൊന്നും നഷ്ട്ടപെടാനില്ലാത്ത ടീമും. ജയിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾക്ക് അഭിമാനത്തോടെ സീസൺ അവസാനിപ്പിക്കാം. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് വെറും 3 പോയിന്റാണ് കൊച്ചിക്കുള്ളത്. 9 മത്സരങ്ങളിൽ നിന്നും രണ്ട് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 11 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് മലപ്പുറമുള്ളത്. മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ചുനടന്ന ആദ്യപാദ മൽസരത്തിൽ ഫോഴ്‌സ കൊച്ചിയെ 4-1ന് മലപ്പുറം തോൽപിച്ചിരുന്നു.
കഴിഞ്ഞ മത്സരത്തിൽ തൃശൂർ മാജികിനെ കണ്ണൂർ വാരിയേർസ് പരാജയപെടുത്തിയതോടെയാണ് സെമിയിലെത്താൻ മലപ്പുറത്തിന് ജയം നിർബന്ധമായത്. ഈ സീസണിലിതുവരെ ഹോമിൽ തോൽവിയറിയാത്ത ടീം കൂടിയാണ് മലപ്പുറം എഫ്‌സി. അവസാന ഹോം മത്സരത്തിൽ സ്വന്തം കാണികൾക്കു മുൻപിൽ കൊച്ചിയെ മലർത്തിയടിച്ച് സെമി ഫൈനലിൽ പ്രവേശിക്കുക എന്നതാണ് മലപ്പുറം ലക്ഷ്യമിടുന്നത്.