ബംഗ്ലാദേശിന് വേണ്ടി തിരിച്ചുവരവിൽ ശതകം നേടിയ പ്രകടനവുമായി ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ നിന്ന മഹമ്മുദുള്ള ഏവരെയും ഞെട്ടിച്ച് ടെസ്റ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചു. 150 റൺസ് നേടി പുറത്താകാതെ നിന്ന താരം ബംഗ്ലാദേശിന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോളാണ് ഈ പ്രഖ്യാപനം നടത്തിയത്.
ടീം മാനേജ്മെന്റിനും അംഗങ്ങള്‍ക്കും മഹമ്മുദുള്ളയുടെ പ്രഖ്യാപനം ഞെട്ടിക്കുന്ന ഒന്നായിരുന്നു. താരത്തിന്റെ തീരുമാനം പെട്ടെന്നുള്ളതാണെന്നും അത് ഔദ്യോഗികമാണോ എന്നത് വ്യക്തമല്ലെന്നുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു അംഗം വ്യക്തമാക്കിയത്.
17 മാസത്തിന് ശേഷം ആണ് മഹമ്മുദുള്ള ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നത്. തന്നെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി നിര്‍ത്തിയ കോച്ച് റസ്സൽ ഡൊമിംഗോയ്ക്കെതിരെയുള്ള വികാരവിക്ഷുബ്ധമായ തീരുമാനം ആയാണ് പൊതുവേയുള്ള വിലയിരുത്തൽ. നേരത്തെ ബംഗ്ലാദേശ് ബോര്‍ഡിനോട് മൂന്ന് ഫോര്‍മാറ്റിലും കളിക്കുവാന്‍ താല്പര്യമുണ്ടെന്നറിയിച്ച ശേഷമുള്ള താരത്തിന്റെ ഈ തീരുമാനം ഞെട്ടലോടെയാണ് ബോര്‍ഡും കാണുന്നത്.