2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ടീം നിരാശാജനകമായി പുറത്തായതിനെത്തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഹ്മുദുള്ള റിയാദ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ ഒരു മത്സരം മാത്രമേ താരം കളിച്ചിരുന്നുള്ളൂ, ന്യൂസിലൻഡിനെതിരെ അന്ന് നാല് റൺസ് മാത്രമെ നേടിയുള്ളൂ.

അടുത്ത സീസണിൽ കേന്ദ്ര കരാറിൽ താൻ ഉണ്ടാകില്ലെന്ന് മഹ്മുദുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ (ബിസിബി) അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ റൺസ് സ്കോററായാണ് അദ്ദേഹം വിരമിക്കുന്നത്.
433 ഇന്നിംഗ്‌സുകളിൽ നിന്ന് ഒമ്പത് സെഞ്ച്വറിയും 56 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 11,047 റൺസ് നേടി. 2015, 2017 ഐസിസി ടൂർണമെന്റ് കാമ്പെയ്‌നുകളിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ഫേസ്ബുക്കിൽ തന്റെ തീരുമാനം പ്രഖ്യാപിച്ച മഹ്മുദുള്ള തന്റെ പരിശീലകർക്കും സഹതാരങ്ങൾക്കും കുടുംബത്തിനും പിന്തുണയ്ക്ക് നന്ദി പറഞ്ഞു. മുഷ്ഫിഖുർ റഹിം അടുത്തിടെ ഏകദിനങ്ങളിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് മഹ്മുദുള്ളയുടെയും വിരമിക്കൽ.