ശ്രീലങ്കയിലെ സ്റ്റേഡിയം നിർമ്മാണത്തിനെതിരെ വിമർശനവുമായി മഹേല ജയവർദ്ധനെ

Staff Reporter

ശ്രീലങ്കയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള സർക്കാരിന്റെയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ശ്രീലങ്കൻ താരം മഹേല ജയവർദ്ധനെ.  60,000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ശ്രീലങ്കയിലെ ദിയഗാമയിലാണ് പണി കഴിപ്പിക്കുന്നത്. മൂന്ന് വർഷം കൊണ്ട് സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്.

ഇതിനെതിരെയാണ് വിമർശനവുമായി മഹേല ജയവർദ്ധനെ രംഗത്തെത്തിയത്. നിലവിലെ സ്റ്റേഡിയത്തിൽ തന്നെ ആവശ്യമായ മത്സരങ്ങൾ നടക്കുന്നില്ലെന്നും പിന്നെ എന്തിനാണ് പുതിയ സ്റ്റേഡിയമെന്നും സോഷ്യൽ മീഡിയയിലൂടെ മഹേല ജയവർദ്ധനെ ചോദിച്ചു. ഏകദേശം 30-40 മില്യൺ ഡോളർ ചിലവാക്കിയാണ് സ്റ്റേഡിയം പണികഴിപ്പിക്കുന്നതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ പറഞ്ഞു. നിലവിൽ ശ്രീലങ്കയിൽ 8 ഇന്റർനാഷണൽ സ്റ്റേഡിയങ്ങൾ ഉണ്ട്.