വിരാട് കോഹ്ലിയും രോഹത്ത് ശര്‍മ്മയും ഇന്ത്യയെ നയിച്ച ശേഷം ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ കര്‍ണ്ണാടകയുടെ ലോകേഷ് രാഹുല്‍ ആണെന്ന് അഭിപ്രായപ്പെട്ട് മലയാളി താരം ശ്രീശാന്ത്. തന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന് നല്കിയ മറുപടിയിലാണ് ശ്രീശാന്ത് ഈ കാര്യം വെളിപ്പെടുത്തിയത്.
കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഇപ്പോള്‍ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്. ഐപിഎലില്‍ മികച്ച ക്യാപ്റ്റന്‍സിയിലൂടെ മുംബൈ ഇന്ത്യന്‍സിനെ നാല് കിരീടത്തിലേക്ക് രോഹിത് നയിച്ചിട്ടുണ്ട്. ഇവരിരുവരുടെയും ക്യാപ്റ്റന്‍സിയ്ക്ക് ശേഷം ആ ദൗത്യം ഏറ്റെടുക്കുവാന്‍ ഏറ്റവും അനുയോജ്യന്‍ അത് ലോകേഷ് രാഹുല്‍ ആണെന്നാണ് ശ്രീശാന്തിന്റെ അഭിപ്രായം.
ഹലോ ആപ്പിലാണ് ശ്രീശാന്ത് ഈ കാര്യം പറഞ്ഞത്. വരും വര്‍ഷങ്ങളില്‍ ഏറ്റവും അനുയോജ്യനായ ക്യാപ്റ്റന്‍ സ്ഥാനാരത്ഥി കെഎല്‍ രാഹുല്‍ ആണെന്ന് പറഞ്ഞ താരം രാഹുല്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകുന്ന താരമാണെന്നും വ്യക്തിഗത പ്രകടനങ്ങളെക്കാള്‍ സ്വന്തം ടീമിന് വേണ്ടി കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരമാണെന്നും പറഞ്ഞു.
മൂന്ന് ഫോര്‍മാറ്റിലും താരം മികവ് പുലര്‍ത്തുകയും ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കുന്ന താരമാണെന്നും ശ്രീശാന്ത് സൂചിപ്പിച്ചു. വിരാടിന്റെ അതെ വര്‍ക്ക് എത്തിക്സ് ആണ് കെഎല്‍ രാഹുലിനും എന്ന് ശ്രീശാന്ത് പറഞ്ഞു.