അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ മികച്ച വിജയം നേടി ബംഗ്ലാദേശ്. ബാറ്റിംഗിൽ ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ, റോണി താലുക്ദാര്‍ എന്നിവര്‍ തിളങ്ങിയപ്പോള്‍ ബൗളിംഗിൽ ഷാക്കിബിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. 77 റൺസിന്റെ വിജയം ആണ് ബംഗ്ലാദേശ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 17 ഓവറിൽ 202/3 എന്ന സ്കോറാണ് നേടിയത്. ലിറ്റൺ ദാസ് 41 പന്തിൽ 83 റൺസ് നേടിയപ്പോള്‍ റോണി താലുക്ദാര്‍ 23 പന്തിൽ 44 റൺസും ഷാക്കിബ് അൽ ഹസൻ 24 പന്തിൽ 38 റൺസുമായി പുറത്താകാതെയും നിന്നു. തൗഹിദ് ഹൃദോയ് 13 പന്തിൽ 24 റൺസ് നേടി. അയര്‍ലണ്ടിനായി ബെഞ്ചമിന്‍ വൈറ്റ് 2 വിക്കറ്റ് നേടി.
ബൗളിംഗിൽ ഷാക്കിബ് അൽ ഹസന്റെ തകര്‍പ്പന്‍ സ്പെൽ അയര്‍ലണ്ടിന്റെ നടുവൊടിക്കുകയായിരുന്നു. ടാസ്കിന്‍ അഹമ്മദ് ആദ്യ പന്തിൽ പോള്‍ സ്റ്റിര്‍ലിംഗിനെ പുറത്താക്കിയപ്പോള്‍ അടുത്ത അഞ്ച് വിക്കറ്റുകള്‍ ഷാക്കിബ് വീഴ്ത്തി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ അയര്‍ണ്ട് 43/6 എന്ന നിലയിലേക്ക് വീണു.
30 പന്തിൽ 50 റൺസ് നേടിയ കര്‍ടിസ് കാംഫര്‍ ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറർ. ടീം 17 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് അയര്‍ലണ്ട് നേടിയത്. ടാസ്കിന്‍ അഹമ്മദ് ബംഗ്ലാദേശിനായി 3 വിക്കറ്റ് നേടി. മഴ കാരണം വൈകിത്തുടങ്ങിയ മത്സരം 17 ഓവറായി ചുരുക്കുകയായിരുന്നു.