ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തായ ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയ തീരുമാനമായിരുന്നു ഏറ്റവും പ്രയാസമേറിയതെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട സമയത്ത് ഓസ്ട്രേലിയ ഏറ്റവും ആശ്രയിച്ച താരം ഖവാജയായിരുന്നു. എന്നാല്‍ ഇരുവരുടെയും മടങ്ങി വരവിനൊപ്പം മാര്‍നസ് ലാബൂഷാനെയുടെ മികവും കൂടിയായപ്പോള്‍ ഉസ്മാന്‍ ഖവാജയ്ക്ക് ടീമില്‍ സ്ഥിരം സാന്നിദ്ധ്യമാകുന്നത് ബുദ്ധിമുട്ടായി.
ഓസ്ട്രേലിയ കരാര്‍ നല്‍കാതിരുന്ന താരങ്ങളില്‍ ഏറ്റവും ദൗര്‍ഭാഗ്യം ഉസ്മാന്‍ ഖവാജയ്ക്കാണെന്ന് ട്രെവര്‍ വെളിപ്പെടുത്തി. ആഷസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരത്തിന് പിന്നീട് ഓസ്ട്രേലിയയ്ക്കായി കളിക്കാനായിരുന്നില്ല. ഖവാജയുടെ ഷെഫീല്‍ഡ് ഷീല്‍ഡ് പ്രകടനവും അത്ര മികച്ചതല്ലായിരുന്നുവെങ്കിലും താരത്തിന്റെ പ്രതിഭ ഏവര്‍ക്കും അറിയാവുന്നതാണെന്ന് ഹോന്‍സ് പറഞ്ഞു.
ഏകദിനത്തില്‍ മാര്‍ഷ് കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിന്റെ നിലവിലെ ഫോം താരത്തിന് ഓസ്ട്രേലിയന്‍ ടീമിലും അവസരം നിഷേധിക്കപ്പെടുവാന്‍ കാരണമായി എന്ന് ഹോന്‍സ് പറഞ്ഞു. ഇപ്പോള്‍ ഈ കടുത്ത തീരുമാനം എടുത്തുവെങ്കിലും ഖവാജയുടെ നിലവാര പ്രകാരം താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിലേക്ക് എത്തുമെന്ന് ഹോന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.
ഒഴിവാക്കപ്പെട്ട താരങ്ങളില്‍ ഏറ്റവും പ്രയാസമേറിയ തീരുമാനം ഉസ്മാന്‍ ഖവാജയുടെതാണെന്നും താരം മികച്ച കളിക്കാരനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അത്ര മികച്ച പ്രകടനമല്ലായിരുന്നു താരത്തിന്റേതെന്ന് ഹോന്‍സ് വെളിപ്പെടുത്തി.