മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്റെ ബാറ്റിംഗ് ടെക്നിക് വളരെ മനോഹരമാണെന്ന് മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. അദ്ദേഹത്തിന്റെ ബാറ്റിംഗ് സമീപനം വളരെ അപൂർവമാണെന്നും താരത്തെ പുറത്താക്കുക എളുപ്പയിരുന്നില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു.
ലക്ഷ്മൺ പന്തിനെ പേടിയുള്ള താരമല്ലായിരുന്നുവെന്നും ബൗളിനെ നേരിടുമ്പോൾ താരത്തിന് ഒരുപാട് സമയം ലഭിക്കാറുണ്ടായിരുന്നുവെന്നും ബ്രെറ്റ് ലീ പറഞ്ഞു. താരത്തിന്റെ ഫുട് വർക്ക് വളരെ മികച്ചതായിരുന്നുവെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ബ്രെറ്റ് ലീ.
ഓസ്ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്ത താരമാ വി.വി.എസ് ലക്ഷ്മൺ. 2001ൽ ഓസ്ട്രേലിയക്കെതിരെ കൊൽക്കത്തയിൽ ലക്ഷ്മൺ നേടിയ ഡബിൾ സെഞ്ചുറി ഇന്നും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്. അന്ന് ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ലക്ഷ്മൺ നേടിയ 281 റൺസിന്റെ പിൻബലത്തിൽ മത്സരം ജയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.