രണ്ടാം ദിവസം ലീഡ് കൈക്കലാക്കി ന്യൂസിലാണ്ട്

ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്സില്‍ 282 റണ്‍സിനു പുറത്താക്കിയ ശേഷം മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 29 റണ്‍സിന്റെ ലീഡോടു കൂടി 311/2 എന്ന അതിശക്തമായ നിലയിലാണ്. ന്യൂസിലാണ്ടിനായി കളത്തിലിറങ്ങിയ താരങ്ങളെല്ലാം തന്നെ മികവ് പുലര്‍ത്തുകയാണിന്നുണ്ടായത്. 121 റണ്‍സുമായി ടോം ലാഥവും 50 റണ്‍സ് നേടി റോസ് ടെയിലറും ക്രീസില്‍ നില്‍ക്കുമ്പോള്‍ കെയിന്‍ വില്യംസണു ശതകം നഷ്ടമായി. 91 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. 43 റണ്‍സ് നേടി പുറത്തായ ജീത്ത് റാവലാണ് മറ്റൊരു പ്രധാന സ്കോറര്‍.

ഒന്നാം വിക്കറ്റില്‍ 59 റണ്‍സും രണ്ടാം വിക്കറ്റില്‍ 162 റണ്‍സും നേടിയ ന്യൂസിലാണ്ട് മൂന്നാം വിക്കറ്റില്‍ ഇതുവരെ 90 റണ്‍സാണ് നേടിയിട്ടുള്ളത്. ശ്രീലങ്കയ്ക്കായി ലഹിരു കുമരയും ധനന്‍ജയ ഡി സില്‍വയും ഓരോ വിക്കറ്റ് നേടി. നേരത്തെ 275/9 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയുടെ ഇന്നിംഗ്സ് 282 റണ്‍സില്‍ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല പുറത്താകാതെ 80 റണ്‍സുമായി ക്രീസില്‍ നിന്നു. ഇന്ന് വീണ വിക്കറ്റുള്‍പ്പെടെ ആറ് വിക്കറ്റാണ് ടിം സൗത്തി മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയത്.

Exit mobile version