ഇതിഹാസ വെസ്റ്റ് ഇൻഡീസ് ബാറ്റർ ബ്രയാൻ ലാറയുടെ ടെസ്റ്റ് ക്രിക്കറ്റിലെ 400 എന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കടത്താൻ ആർക്ക് ആകും എന്ന ചോദ്യത്തിന് ലാറ തന്നെ ഉത്തരം നൽകി. ഇന്ത്യൻ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും ഈ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ളവരിൽ ലാറ ഉൾപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരെ 2004ൽ ആയിരുന്നു ലാറ 400* റൺസ് നേടിയത്. ഇതുവരെ ആർക്കും അത് മറികടക്കാൻ ആയിട്ടില്ല.
“ഞാൻ കളിച്ചിരുന്ന കാലത്ത് ആ സ്കോറിനെ വെല്ലുവിളിക്കാൻ പോന്ന ചില താരങ്ങൾ ഉണ്ടായിരുന്നു. വീരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, ഇൻസമാം-ഉൾ-ഹഖ്, സനത് ജയസൂര്യ. അവരെല്ലാം ഏറെക്കുറെ അഗ്രസീവ് കളിക്കാരായിരുന്നു, ”ലാറ പറഞ്ഞു.
ഭാവിയിൽ തൻ്റെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളായി ഇംഗ്ലണ്ട് ബാറ്റർമാരായ സാക്ക് ക്രാളി, ഹാരി ബ്രൂക്ക്, ഇന്ത്യൻ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവരെ അദ്ദേഹം തിരഞ്ഞെടുത്തു.
“ഇന്ന് നിങ്ങൾക്ക് എത്ര അഗ്രസീവ് കളിക്കാർ കളിക്കുന്നുണ്ട്? പ്രത്യേകിച്ച് ഇംഗ്ലണ്ട് ടീമിൽ. സാക്ക് ക്രാളിയും ഹാരി ബ്രൂക്കും. ഇന്ത്യൻ ടീമിലും? യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ. അവർ ശരിയായ സാഹചര്യം കണ്ടെത്തിയാൽ, ഈ റെക്കോർഡുകൾ തകർക്കാൻ കഴിയും ” അദ്ദേഹം കൂട്ടിച്ചേർത്തു.