അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് രാജ്യമെന്നുള്ള വളര്‍ച്ചയെ മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ലാന്‍സ് ക്ലൂസ്നര്‍. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏക ടെസ്റ്റിന് മുമ്പ് ടീമിന്റെ പരിശീലനത്തിനായി യുഎഇയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറുടെ ഭാഷ്യത്തില്‍ ടീമിന്റെ ടെസ്റ്റ് നിലവാരം ഉയര്‍ത്തുക എന്നതാണ് വലിയ പരിഗണനയെന്നാണ്.
ഏകദിനവും ടി20യുമാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത് എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ അതില്‍ അട്ടിമറികളുമായി പലപ്പോഴും ശ്രദ്ധയും പിടിച്ച് പറ്റിയിട്ടുള്ള ടീമാണെന്ന് ക്ലൂസ്നര്‍പറഞ്ഞു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ ടീം ഇനിയും ഏറെ പഠിക്കാനും മുന്നേറാനുമുണ്ടെന്നാണ് ക്ലൂസ്നറുടെ അഭിപ്രായം.
ടി20 ക്രിക്കറ്റില്‍ ഏത് ടീമിനെയും അട്ടിമറിയ്ക്കുവാനുള്ള ബൗളിംഗ് നിരയുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. ഏഷ്യ കപ്പ്, ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റുകളുടെ പ്ലേ ഓഫുകളില്‍ സ്ഥിരം സാന്നിദ്ധ്യമായി അഫ്ഗാനിസ്ഥാന്‍ ഉടന്‍ മാറുമെന്നും ക്ലൂസ്നര്‍ വ്യക്തമാക്കി.
വലിയ ക്രിക്കറ്റിംഗ് രാജ്യങ്ങളിലെ പോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുവാന്‍ നാട്ടില്‍ അവസരമില്ലാത്തതാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്ന വലിയ വെല്ലുവിളി, അതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ ടീം മുന്നോട്ട് പോകുവാന്‍ ഏറെ പരിശ്രമിക്കേണ്ടി വരുമെന്നും അഫ്ഗാനിസ്ഥാന്‍ മുഖ്യ പരിശീലകന്‍ പറഞ്ഞു.
ഈ പ്രതിസന്ധികളെല്ലാം മറികടന്ന് ടീമിനെ ടെസ്റ്റില്‍ മുന്നോട്ട് നയിക്കുന്നതിനാവും തന്റെ പ്രയത്നമെന്നും ക്ലൂസ്നര്‍ വ്യക്തമാക്കി.