കുശൽ പെരേരയുടെ മിന്നും ശതകം, ന്യൂസിലാണ്ടിനെതിരെ മികച്ച സ്കോറുമായി ശ്രീലങ്ക

Sports Correspondent

Kusalperera

ശ്രീലങ്കയും ന്യൂസിലാണ്ടും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിൽ മികച്ച സ്കോറുമായി ശ്രീലങ്ക. ഇന്ന് ടോസ് നേടി ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടിയത്. 13 ഫോറും 4 സിക്സും അടക്കം വെടിക്കെട്ട് ശതകം നേടിയ കുശൽ ജനിത് പെരേരയാണ് ശ്രീലങ്കയുടെ ഹീറോ.

പതും നിസ്സങ്കയെയും(14), കുശൽ മെന്‍ഡിസിനെയും(22) ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് കുശൽ പെരേരയുടെ ഒറ്റയാള്‍ പോരാട്ടമാണ് ലങ്കന്‍ നിരയിൽ മികച്ച് നിന്നത്. ചരിത് അസലങ്കയും മികവ് പുറത്തെടുത്തപ്പോള്‍ ശ്രീലങ്ക മികച്ച സ്കോര്‍ ഉയര്‍ത്തി.

Newzealand

മെന്‍ഡിസ് പുറത്താകുമ്പോള്‍ ശ്രീലങ്ക 42/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അവിഷ്ക ഫെര്‍ണാണ്ടോയുമായി (17) പെരേര 41 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 83/3 എന്ന നിലയിൽ പെരേരയ്ക്കൊപ്പം എത്തിയ അസലങ്കയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ശ്രീലങ്കന്‍ സ്കോറിംഗ് വേഗത്തിലായി.

ചരിത് അസലങ്ക 24 പന്തിൽ 46 റൺസ് നേടി പുറത്തായപ്പോള്‍ ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 100 റൺസാണ് കൂട്ടിചേര്‍ത്തത്. 46 പന്തിൽ നിന്ന് 101 റൺസ് നേടിയാണ് പെരേര 19ാം ഓവറിൽ പുറത്തായത്.